ദില്ലി: ആശങ്കയുയ‍ർത്തി രാജ്യത്തെ കൊവിഡ വ്യാപന നിരക്ക്. പ്രതിദിന വർദ്ധന തൊണ്ണൂറായിരം കടന്നു. 24 മണിക്കൂറിനിടെ 90,632 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു. ഇത് വരെ 41,13,811 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്. 1065 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇത് വരെ 70626 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്. 

1.73 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 31,80,865 പേർ രാജ്യത്ത് രോഗമുക്തി നേടി. 8,62,320 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 77.23 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് മരണ നിരക്ക് കുറയ്ക്കാൻ അടിയന്തിര നടപടി വേണം എന്ന് മൂന്നു സംസ്ഥാനങ്ങളോട് കേന്ദ്രം ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രം അടിയന്തിര നടപടി എടുക്കുവാൻ ആവശ്യപ്പെട്ടത്. മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കാനാണ് നിർദേശം. 

രാജ്യത്തേറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ പ്രതിദിന വര്‍ധന ഇരുപതിനായിരം കടന്നു.  മറ്റ് ഏഴു സംസ്ഥാനങ്ങളിലും  ഇന്നലെ റെക്കോഡ് വര്‍ധനയാണ് ഉണ്ടായത്. ഉത്തര്‍ പ്രദേശില്‍ ഇതാദ്യമായി ആറായിരത്തി എഴുനൂറിനടുത്തെത്തി രോഗികളുടെ എണ്ണം. കേരളത്തിലും ഹരിയാനയിലും ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും തൃപുരയിലും മേഘാലയയിലും ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഉണ്ടായത്.

പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ആകെ രോഗികളുടെ എണ്ണം. രോഗികളേറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ എട്ടു ലക്ഷത്തിലേറെയാണ് രോഗ ബാധിതര്‍. തൊട്ടു പിന്നിലുള്ള ആന്ധ്രയിലും തമിഴ് നാട്ടിലും നാലു ലക്ഷത്തിലേറെപ്പേരെയാണ് രോഗം ബാധിച്ചത്. മറ്റു പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ അരലക്ഷത്തിനും ഒരു ലക്ഷത്തിനുമിടയിലാണ് രോഗികളുടെ എണ്ണം. രോഗികളേറ്റവും കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് അറുപത് ശതമാനം മരണവും. 

ഉത്തർ പ്രദേശിൽ 6,692 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 2,59,765 ആയി. 81 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 3,843 ആയിരിക്കുകയാണ്. 81ൽ 18 മരണവും തലസ്ഥാനമായ ലക്നൗവിലാണ്. എട്ട് ദിവസത്തിനിടെ അര ലക്ഷം പേരാണ് സംസ്ഥാനത്ത് രോഗബാധിതരായത്. 

കർണാടകത്തിലും സ്ഥിതി ആശങ്കാജനകമാണ് ഇന്നലെ 9,746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 128 മരണം കൂടി റിപ്പോർട്ട് ചെയ്തു. ബെംഗളൂരു നഗരത്തിൽ മാത്രം 3,093 പേർക്ക് രോഗം സ്ഥിരീകരിച്ചു, 34 പേർ മരിച്ചു. ഇതോടെ ആകെ രോഗികൾ 3,89,232 ആയി. ആകെ 6,298 മരണമാണ് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്.