ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,87,145 ആയി. 819 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്തെ ആകെ കൊവിഡ മരണം 65288 ആയി. 1.77 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. 

നിലവിൽ 7,85,996 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 2839882 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 76.94 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.       

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. തുടർച്ചയായ രണ്ടാംദിവസവും രോഗബാധിത‍രുടെ എണ്ണം പതിനാറായിരം കടന്നു. 341 പൊലീസുകാ‍ർ കൂടി രോഗബാധിതരായി. 15,294 പൊലീസുകാ‍ർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. ഗ്രാമങ്ങളിലേക്കും രോഗം പടരുകയാണ്. വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന്, ചന്ദ്രാപുരിൽ മൂന്നാം തീയതിമുതൽ ഒരാഴ്ചത്തെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, അഞ്ച് ജില്ലകളിൽ രോഗവ്യാപന നിരക്ക് 400 ശതമാനമാണ്. സംസ്ഥാനത്ത് രോഗബാധിത‍ർ 7 ലക്ഷത്തി 80,000 കടന്നു. അതേസമയം, മരണനിരക്കിൽ നേരിയ കുറവുണ്ട്. ഒരാഴ്ചക്കിടെ ആദ്യമായി മരണസംഖ്യ മുന്നൂറിൽ താഴെയായി.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യുപി, ജാർഖണ്ഡ്, ചത്തീസ്ഗഢ്, ഒഡീഷ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം  ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ രോഗ നിയന്ത്രണത്തിനുള്ള അടിയന്തര നടപടികൾ സംഘം വിലയിരുത്തും.