ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് മൂന്നരലക്ഷം പിന്നിടും. തുടർച്ചയായ നാലാം ദിവസവും മരണസംഖ്യ രണ്ടായിരത്തിന് മുകളിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണം കാൽക്കോടി പിന്നിട്ടതോടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ 2 ദിവസമായി അമ്പതിലേറെ പേർ മരിച്ചുവെന്നാണ് ആശുപത്രികൾ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നത്.

ഓക്സിജൻ തീരാറായി എന്ന പരാതിയുമായി നിരവധി ആശുപത്രികൾ രംഗത്തെത്തിയിട്ടുണ്ട്. ഓക്സിജൻ, വാക്സീൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രതികരണം ഇന്നത്തെ മൻകിബാത്തിൽ പ്രധാനമന്ത്രി നടത്തിയേക്കും.

രാജ്യതലസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്‍റെ ബ്രിട്ടണ്‍ വകഭേദമാണെന്നാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണ്ടെത്തല്‍. അടുത്ത ഘട്ടത്തിൽ രോഗവ്യാപനം കൂടുതല്‍ തീവ്രമാക്കുമെന്നും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പതിനായിരത്തില്‍ നാല് പേര്‍ക്ക് എന്ന വിധമാണ് വാക്സീനെടുത്തവരിലെ ഇപ്പോഴത്തെ രോഗബാധ. ഇതില്‍ ഏറിയ പങ്കും രോഗികളുമായി സമ്പര്ക്കം പുലർത്തുന്ന ആരോഗ്യപ്രവര്ഡത്തകരാണെന്നത് ആശങ്കയിടക്കുന്നുവെന്നും ഐസിഎംആര്‍ വിലയിരുത്തുന്നു.