Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിൻ എങ്ങനെ? മാർഗരേഖയായി, വിതരണത്തിന് തയ്യാറെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഒരു ദിവസം ഒരു വിതരണകേന്ദ്രത്തിൽ നൂറ് പേർക്ക് മാത്രമേ വാക്സിൻ നൽകാനാകൂ എന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം തയ്യാറാക്കിയ മാർഗരേഖയിൽ പറയുന്നത്. കുറച്ചുകാലമെടുത്ത് മാത്രം പൂർത്തിയാക്കാനാകുന്ന പ്രക്രിയയാകും ഇതെന്ന് വ്യക്തം.

covid vaccine distribution sop prepared by health ministry
Author
New Delhi, First Published Dec 12, 2020, 10:47 AM IST

ദില്ലി: ആയിരക്കണക്കിന് പേർക്ക് ഒരു ദിവസം വാക്സിൻ നൽകുന്ന വൻ ഇമ്മ്യൂണൈസേഷൻ പദ്ധതികൾക്ക് പകരം, നിയന്ത്രിതമായ രീതിയിലേ കൊവിഡ് വാക്സിനേഷൻ നടപ്പാക്കാനാകൂ എന്ന് കേന്ദ്രസർക്കാരിന്‍റെ മാർഗരേഖ. ഒരു വാക്സിൻ വിതരണകേന്ദ്രത്തിൽ ഒരു ദിവസം നൂറ് പേർക്ക് മാത്രമേ വാക്സിൻ നൽകാനാകൂ. കമ്മ്യൂണിറ്റി ഹാളുകളും താൽക്കാലിക ടെന്‍റുകളും സജ്ജമാക്കിയ ശേഷം വലിയ രീതിയിൽ വാക്സിൻ വിതരണം ആലോചിക്കും. വാക്സിൻ വിതരണം എങ്ങനെ വേണമെന്ന് നിർദേശിക്കുന്ന പ്രത്യേക മാർഗരേഖ (SOP) വ്യാഴാഴ്ച കേന്ദ്രസർക്കാർ വിവിധ സംസ്ഥാനസർക്കാരുകൾക്ക് കൈമാറി. 

വാക്സിൻ വിതരണത്തിനായി പ്രത്യേക ആശുപത്രികൾ മുതൽ, താൽക്കാലികമായി തയ്യാറാക്കുന്ന പ്രത്യേക വാക്സിൻ വിതരണകേന്ദ്രങ്ങൾ വരെ വൻമുന്നൊരുക്കം നടത്തുകയെന്ന ഭീമമായ ജോലിയാണ് വിവിധ സംസ്ഥാനങ്ങൾക്ക് മുന്നിലുള്ളത്. വാക്സിൻ വിതരണത്തിന് ശേഷം ആളുകൾക്ക് എന്തെങ്കിലും ആരോഗ്യപരമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ചികിത്സ നൽകാൻ കഴിയുന്ന പ്രത്യേക ആശുപത്രികൾ സജ്ജീകരിക്കാനും മാർഗരേഖയിൽ നിർദേശമുണ്ട്. അത്തരത്തിൽ ഇമ്മ്യൂണൈസേഷന് ശേഷം ഉണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങളെ (Adverse Events Following Immunisation - AEFI) എന്നാണ് മാർഗരേഖ വിശേഷിപ്പിക്കുന്നത്. വൃദ്ധരും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുമായവർക്കായി ഇത്തരം ഇമ്മ്യൂണൈസേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കും.

ഓരോ വാക്സിനേഷൻ സൈറ്റുകളിലും അഞ്ച് വാക്സിനേഷൻ ഓഫീസർമാരും, ഒരു ഗാർഡും മൂന്ന് മുറികളും ഉണ്ടാകും. വാക്സിനേഷൻ നടത്താനാണ് ഒരു മുറി. രണ്ടാമത്തെ മുറി വാക്സിനേഷൻ നടത്തേണ്ടവർക്ക് കാത്തിരിക്കാനുള്ളതാണ്. മൂന്നാമത്തേത് വാക്സിനെടുത്തവരെ നിരീക്ഷിക്കാനുള്ള മുറിയാണ്.

വാക്സിൻ ഓഫീസർമാരുടെ ചുമതലകൾ ഇങ്ങനെയാണ്: ലിസ്റ്റിലെ പേരുകൾ കൃത്യമായി പരിശോധിച്ച്, അവർ എല്ലാ കൊവിഡ് ചട്ടങ്ങളും പാലിച്ചാണോ എത്തിയതെന്ന് പരിശോധിക്കുകയെന്നതാണ് ഒന്ന്. സർക്കാർ രേഖകളെല്ലാം ഹാജരാക്കിയ ശേഷമേ വാക്സിൻ ലഭിക്കൂ. രണ്ടാമത്തെ ഓഫീസർ ഈ രേഖകൾ പരിശോധിക്കും. കൊവിൻ എന്ന ആപ്ലിക്കേഷനിൽ വാക്സിൻ സ്വീകരിക്കേണ്ടയാൾ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കും. വാക്സിൻ സ്വീകരിക്കുന്നയാളുടെ വിവരങ്ങളുടേതടക്കം സ്വകാര്യത ഉറപ്പാക്കും. സ്ത്രീകളാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ സ്ത്രീ തന്നെയാണ് വാക്സിനേഷൻ സൈറ്റിലുള്ളതെന്ന് ഉറപ്പാക്കും. സൈറ്റിലെ അറ്റൻഡന്‍റുമാർ സുരക്ഷിതമായി ഇഞ്ചക്ഷൻ നൽകുന്നുവെന്ന് ഉറപ്പാക്കും, ഉപയോഗിച്ച സിറിഞ്ചടക്കമുള്ളവ കൃത്യമായി വേർതിരിച്ച് ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തും.

മുപ്പത് മിനിറ്റ് നിരീക്ഷണം

വാക്സിൻ നൽകിയ ശേഷം, സ്വീകരിച്ചയാളെ മുപ്പത് മിനിറ്റ് നിരീക്ഷണത്തിൽ വയ്ക്കണമെന്നതാണ് പ്രധാനപ്പെട്ട ഒരു നിർദേശം. വാക്സിൻ നൽകിയയാൾക്ക്, എന്തെങ്കിലും തരത്തിൽ ആരോഗ്യപരമായ പ്രയാസം നേരിട്ടാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റണം. അതിനായി പ്രത്യേക ആശുപത്രികൾ ബൂത്തിന് സമീപത്ത് തന്നെ തയ്യാറാക്കിയിരിക്കണം. 

സാമൂഹ്യാകലം പാലിച്ചേ വാക്സിൻ വിതരണം ചെയ്യാവൂ എന്നതിനാൽ ഒരു മണിക്കൂറിൽ 13 മുതൽ 14 പേർക്ക് മാത്രമേ വാക്സിൻ വിതരണം ചെയ്യാനാകൂ. 

വെയ്റ്റിംഗ് റൂമിൽ എന്തൊക്കെ?

  • കൈ കഴുകാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും, സാനിറ്റൈസർ ഉണ്ടാകും.
  • ആറടി അകലത്തിൽ സീറ്റുകൾ ഉറപ്പാക്കും
  • കൊവിഡ് ചട്ടങ്ങൾ വിശദീകരിച്ചുള്ള പോസ്റ്ററുകൾ ഉണ്ടാകും

വാക്സിനേഷൻ റൂം എങ്ങനെ

  • ഒരു നേരം ഒരാൾ മാത്രമേ വാക്സിനേഷൻ റൂമിൽ ഉണ്ടാകാവൂ
  • നാല് കണ്ടീഷൻഡ് ഐസ് പാക്കുകളിലായി രണ്ട് വാക്സിൻ കാരിയറുകൾ
  • ഹാൻഡ് സാനിറ്റൈസറുകൾ, മാസ്കുകൾ എന്നിവ ഉണ്ടാകണം
  • എന്തെങ്കിലും അവശത വാക്സിൻ നൽകിയയാൾക്ക് അനുഭവപ്പെട്ടാൽ ചികിത്സിക്കാൻ വേണ്ട കിറ്റ്

ഒബ്സർവേഷൻ റൂമിൽ എന്തെല്ലാം

  • മുപ്പത് മിനിറ്റ് വാക്സിൻ സ്വീകരിച്ചയാൾ നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ വിപുലമായ മുറിയായിരിക്കണം സജ്ജീകരിക്കേണ്ടത്
  • സാമൂഹ്യാകലം പാലിക്കുന്ന തരത്തിലാകണം ഇരിപ്പിടങ്ങൾ സജ്ജീകരിക്കേണ്ടത്

ജനുവരിയിൽ വിതരണത്തിന് തയ്യാർ

അനുമതി ലഭിച്ചാൽ ജനുവരിയിൽത്തന്നെ വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്ന് സിറം ഇൻസ്റ്റ്യൂട്ട് CEO അദാർ പൂനെവാല അറിയിച്ചു. ഈ മാസം അവസാനത്തോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കാം. എന്നാൽ വ്യാപക ഉപയോഗത്തിന് സർക്കാർ ലൈസൻസ് അനുവദിക്കേണ്ടതുണ്ട്. സർക്കാർ കുത്തിവെപ്പിനായും സ്വകാര്യ വിതരണത്തിനും സിറം വാക്സിൻ നിർമിക്കുന്നുണ്ട്. ജൂലൈ മാസത്തോടെ  30- 40 കോടി വാക്സിൻ തയ്യാറാക്കണമെന്നതാണ് സർക്കാരിന്‍റെ ആവശ്യം എന്നും അദാർ പൂനെവാല വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios