ദില്ലി:  രാജ്യത്ത് മൂന്നു കമ്പനികളുടെ കൊവിഡ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ ചെയർമാനാണ് വി കെ പോൾ.

കൊവിഡ് പ്രതിരോധ വാക്സിനുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ഉറപ്പു നൽകിയിരുന്നല്ലോ. മൂന്നു വാക്സിനുകൾ ഇന്ത്യയിൽ പരീക്ഷിക്കുന്നുണ്ടെന്നും അവ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നല്ലോ. അതിൽ ഒരെണ്ണത്തിന്റെ പരീക്ഷണം ഇന്നോ നാളെയോ ആയി മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മറ്റുള്ളവ പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലാണുള്ളത്.  വി കെ പോൾ പറഞ്ഞു. 

മരുന്നുകളുടെ മൂന്നാംഘട്ട പരീക്ഷണം നീണ്ട പ്രക്രിയയാണ്. കൊവിഡ് രോ​ഗം വേറൊരു തലത്തിലേക്ക് കടക്കുകയാണ്. ആരോ​ഗ്യ ശാസ്ത്ര വിദ​ഗ്ധർ  ഇതെക്കുറിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വളരെക്കാലത്തിനു ശേഷവും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ, കാര്യങ്ങൾ ഇപ്പോൾ അത്രയധികം അപകടകരമല്ലെന്നും  വി കെ പോൾ പറഞ്ഞു. 

അതേസമയം, കൊവിഡ് രോ​ഗമുക്തി നേടിയവർ മുൻകരുതൽ എടുക്കണമെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പല രീതിയിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ചിലരിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്വാസതടസ്സവും അണുബാധയും പലർക്കും അനുഭവപ്പെടുന്നുണ്ട്. ഇതിനുള്ള മുൻകരുതൽ എടുക്കണമെന്നും ആരോ​ഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചിട്ടുണ്ട്.