ദില്ലി: ജമ്മു കാശ്മീരിൽ നിന്നുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ അനുവദിക്കണമെന്ന് ഗവർണറോട് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും, പാർട്ടി നേതാവെന്ന നിലയിൽ അദ്ദേഹത്തെ ഇപ്പോൾ സന്ദർശിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിനയച്ച കത്തിൽ സിപിഎം ജനറൽ സെക്രട്ടറി ആവശ്യപ്പെടുന്നു.

ജമ്മു കാശ്മീരിലെ പിരിച്ചുവിട്ട നിയമസഭയിലെ എംഎൽഎയായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമി. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ എടുത്തുകളയുന്നതിന് മുന്നോടിയായി തരിഗാമിയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. 

കാശ്മീരിൽ സിപിഎമ്മിന് സ്വാധീനമുണ്ടെന്നും ദേശീയ പാർട്ടിയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ തന്നെയും മറ്റ് നേതാക്കളെയും അദ്ദേഹത്തെ കാണാൻ അനുവദിക്കണം എന്നുമാണ് കത്തിലെ ആവശ്യം. ഭരണകൂടം ഒരു പാർട്ടി നേതാവെന്ന നിലയിൽ തന്റെ കർത്തവ്യം പൂർത്തിയാക്കുന്നതിന് തടസ്സം നിൽക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് യെച്ചൂരി കത്ത് അവസാനിപ്പിച്ചത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ രാജ്യത്ത് പലയിടത്തും സിപിഎം പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.