Asianet News MalayalamAsianet News Malayalam

പരിസ്ഥിതി അനുമതിക്കുള്ള വ്യവസ്ഥകള്‍ പലതും ലഘൂകരിച്ചു; കരട് വിജ്ഞാപനത്തിനെതിരെ എതിര്‍പ്പ്

വ്യവസായശാലകൾ, അണക്കെട്ടുകൾ, ദേശീയപാത, ക്വാറികൾ, ഖനികൾ തുടങ്ങിയവക്ക് പരിസ്ഥിതി അനുമതി നൽകുന്നതിനുള്ള നിലവിലെ വ്യവസ്ഥകൾ കേന്ദ്രം പൊളിച്ചെഴുതുകയാണ്.

criticism against notification that reduced terms of environmental permission
Author
Delhi, First Published May 23, 2020, 7:14 AM IST

ദില്ലി: പരിസ്ഥിതി അനുമതിക്കുള്ള വ്യവസ്ഥകൾ ലഘൂകരിച്ച് കേന്ദ്രം ഇറക്കിയ കരട് വിജ്ഞാപനത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ലോകസമ്മേളനം വരെ ഇന്ത്യ സംഘടിപ്പിക്കുമ്പോഴാണ് വൻകിട പദ്ധതികൾക്ക് എളുപ്പത്തിൽ അനുമതി നൽകാനായി പരിസ്ഥിതി നിയമങ്ങളിൽ ഇളവുവരുത്തുന്നത്. 

വ്യവസായശാലകൾ, അണക്കെട്ടുകൾ, ദേശീയപാത, ക്വാറികൾ, ഖനികൾ തുടങ്ങിയവക്ക് പരിസ്ഥിതി അനുമതി നൽകുന്നതിനുള്ള നിലവിലെ വ്യവസ്ഥകൾ കേന്ദ്രം പൊളിച്ചെഴുതുകയാണ്. എ വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങേണ്ട പല പദ്ധതികളും ഇനി സംസ്ഥാനങ്ങളിലെ വിദഗ്‍ധ സമിതികൾക്ക് കീഴിലാകും. 100 ഹെക്ടര്‍ വരെയുള്ള ഖനികൾ, പെട്രോളിയം പദ്ധതികൾ, ഡിസ്റ്റലറി തുടങ്ങിയവക്ക് കേന്ദ്രത്തിന്‍റെ  പരിസ്ഥിതി ആഘാത നിര്‍ണ്ണയ പഠനം ഇല്ലാതെ തന്നെ സംസ്ഥാന തലത്തിൽ അനുമതി വാങ്ങാം. അതായത് പരിസ്ഥിതി സംരക്ഷണത്തിനുള്ള പല നിയന്ത്രണങ്ങളും എടുത്തു കളയുന്നു. പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയ പരിധിയും വെട്ടിക്കുറച്ചു. 

2006ലെ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്. കാലാവസ്ഥ വ്യതിയാനം ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണത്തിൽ വീട്ടുവീഴ്ച പാടില്ലെന്ന് സുപ്രീംകോടതിയും ദേശീയ ഹരിത ട്രൈബ്യൂണലുകളും നിരവധി ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. അതൊന്നും പാലിക്കാതെയാണ് കൊവിഡ് കാലത്തെ ഈ നീക്കമെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെ അന്തിമ വിജ്ഞാപനം ഇറക്കാവൂ എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പടെയുള്ള നേതാക്കൾ വനംപരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. 

പരിസ്ഥിതി അനുമതി വേഗത്തിലാക്കുന്നതാണ് പുതിയ വിജ്ഞാപനമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലം പ്രളയം പോലുള്ള ദുരന്തങ്ങൾ കണ്‍മുമ്പില്‍ നിൽക്കെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി നിരവധി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കൊവിഡ് മാരി പോലും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമാണെന്ന പഠനങ്ങളും പുറത്തുവരുന്നു. അപ്പോഴാണ് പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുന്ന ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Follow Us:
Download App:
  • android
  • ios