ശ്രീനഗര്‍: ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചോറൂട്ടുന്ന സിആർപിഎഫ് ജവാന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ശ്രീന​ഗറിലെ നവാകടൽ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എച്ച്സി ഡ്രൈവർ ഇഖ്ബാൽ സിം​ഗാണ് തെരുവിൽ വിശന്നിരിക്കുന്ന ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചോറ് വാരി നൽകിയത്. സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) തിങ്കളാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. 

കുട്ടിയ്ക്ക് പാത്രത്തില്‍ നിന്ന് ഭക്ഷണം എടുത്ത് വായില്‍ വച്ചുകൊടുക്കുകയും കുട്ടിയുടെ കവിളില്‍ പറ്റിയ ഭക്ഷണം മറ്റേ കൈ കൊണ്ട് തുടച്ച് കൊടുക്കുകയും ചെയ്യുന്ന ഇഖ്ബാലിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ഗ്ലാസില്‍ വെള്ളമെടുത്ത് കുട്ടിയ്ക്ക് കുടിക്കാന്‍ നല്‍കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഫെബ്രുവരിയിൽ ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരസംഘടനായ ജയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക് രക്ഷപ്പെട്ടയാളാണ് ഇഖ്ബാൽ സിം​ഗ്. ആക്രണത്തിൽ നിരവധി സൈനികരുടെ ജീവൻ രക്ഷിക്കുന്നതിൽ ഇഖ്ബാൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

വീഡിയോ കണ്ട് നിരവധിയാളുകളാണ് ഇഖ്ബാലിന് അഭിനന്ദനമറിയിച്ചത്. ഈ സൈനികന്റെ സ്‌നേഹത്തിനും മനുഷ്യത്വത്തിനും മുന്നിൽ സല്യൂട്ട് ചെയ്യുന്നു, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.