Asianet News MalayalamAsianet News Malayalam

Cordelia Cruise Ship : വീണ്ടും വിവാദത്തില്‍ കുടുങ്ങി 'കോർഡെലിയ'; കൊവിഡ് രോഗികളുമായി മുംബൈയിലേക്ക് തിരിച്ചയച്ചു

കൊവിഡ് പോസിറ്റീവായ യാത്രക്കാരില്‍ വലിയൊരു ശതമാനം പേരും ഗോവയിലെ ആരോഗ്യ കേന്ദ്രത്തില്‍ ക്വാറന്‍റൈന്‍ ചെയ്യാന്‍ തയ്യാറാവാതെ വന്നതോടെയാണ് കപ്പല്‍ വീണ്ടും വിവാദങ്ങളില്‍പ്പെടുന്നത്

Cruise Ship Cordelia sent back to Mumbai after Covid19 infected passengers refused to quarantine
Author
Panaji, First Published Jan 4, 2022, 12:20 PM IST

പുതുവര്‍ഷാഘോഷത്തിന് പുറപ്പെട്ട ആഡംബര കപ്പലിലെ (Cordelia) യാത്രക്കാരില്‍ 66 പേര്‍ക്ക് കൊവിഡ് (Covid infected passengers). കപ്പല്‍ തിരികെ അയച്ച് ഗോവ (Goa). രണ്ടായിരം പേരുമായി മുംബൈയില്‍ നിന്ന് പുറപ്പെട്ട കപ്പലാണ് ഗോവയിലെ മുർമുഗാവ്‌ തുറമുഖത്ത് നിന്ന് തിരിച്ച് അയച്ചത്. കൊവിഡ് പോസിറ്റീവായ യാത്രക്കാരില്‍ വലിയൊരു ശതമാനം പേരും ഗോവയിലെ ആരോഗ്യ കേന്ദ്രത്തില്‍ ക്വാറന്‍റൈന്‍ (Quarantine) ചെയ്യാന്‍ തയ്യാറാവാതെ വന്നതോടെയാണ് നടപടി. നൂറു കണക്കിന് മലയാളി യാത്രക്കാരും കപ്പലിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെയാണ് ആഡംബര ക്രൂയിസ് കപ്പലായ കോർഡെലിയ ഗോവ തിരിച്ചയച്ചത്. ക്രൂ അംഗങ്ങളില്‍ ചിലര്‍ കൊവിഡ് പോസിറ്റീവായതിന് പിന്നാലെയായിരുന്നു കപ്പലിലെ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്. ഞായറാഴ്ചയാണ് ക്രൂ അംഗങ്ങള്‍ കൊവിഡ് പോസിറ്റീവായത്. കൊവിഡ് ബാധിച്ച യാത്രക്കാര്‍ കപ്പലില്‍ തുടരുമെന്നാണ് ഷിപ്പിംഗ് ഏജന്‍സി വ്യക്തമാക്കുന്നത്. കൊവിഡ് പോസിറ്റീവായ യാത്രക്കാരില്‍ 27 പേരാണ് ഗോവയില്‍ ക്വാറന്‍റൈന്‍ ചെയ്യാന്‍ വിസമ്മതിച്ചത്. മുംബൈയില്‍ നിന്നാണ് പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. കപ്പലിലെ ക്രൂ അംഗങ്ങളായ ആറുപേരെ ഗോവയില്‍ ക്വാറന്‍റൈന്‍ ചെയ്തിരിക്കുകയാണ്. യാത്രക്കാര്‍ വഴങ്ങാതെ വന്നതോടെയാണ് ദക്ഷിണ ഗോവ ജില്ലാ ഭരണകൂടം കര്‍ശന നിലപാട് സ്വീകരിച്ചത്.

ക്വാറന്റൈന്‍ ചെയ്യാന്‍ തയ്യാറായി ഗോവയിലിറങ്ങിയ യാത്രക്കാരേയും കപ്പലില്‍ തിരികെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. കപ്പലില്‍ കൊവിഡ് പോസിറ്റീവായവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കുമെന്ന് ഷിപ്പിംഗ് ഏജന്‍സ് വ്യക്തമാക്കി. ഒമിക്രോണ്‍ ആശങ്കകള്‍ വ്യാപകമാവുന്നതിനിടയിലായിരുന്നു യാത്രക്കാര്‍ കപ്പലില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പുറപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഈ കപ്പലില്‍ നടത്തിയ റെയ്ഡിലാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. കടല്‍ തീരങ്ങളോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ കപ്പലിലെ പുതുവര്‍ഷാഘോഷം ഏറെ പേരുകേട്ടതാണ്. ഇത്തരം ആഘോഷങ്ങള്‍ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തുമെന്ന ആശങ്ക നിലനില്‍ക്കെയാണ് കപ്പല്‍ വീണ്ടും വിവാദത്തിലാവുന്നത്.

നിലവില്‍ മഹാരാഷ്ട്രയിലും ദില്ലിയിലും കൊവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. ഇത്തരത്തില്‍ കൊവിഡ് ഹോട്ട് സ്പോട്ട് ആയ ആദ്യ കപ്പല്‍ ഡയമണ്ട് പ്രിന്‍സസ് ആണ്. 202 ജനുവരിയിലാണ് ഈ കപ്പല്‍ ജപ്പാന്‍ തീരത്തോട് ചേര്‍ന്ന് ക്വാറന്‍റൈന്‍ ചെയ്യിപ്പിച്ചത്. കപ്പലിലുണ്ടായിരുന്ന 700ഓളം ആളുകള്‍ കൊവിഡ് പോസിറ്റീവായതിന് പിന്നാലെയായിരുന്നു ഇത്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയന്‍റെ പഴയ ക്രൂയിസ്​ കപ്പലാണിത്​.  പക്ഷേ ഫൈവ്​സ്​റ്റാറിന്​ സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കോർഡെലിയ എന്ന ഈ കപ്പല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒഴുകുന്ന ഒരു ആഡംബര കൊട്ടാരമാണ്. കടലിന്‍റെ മകളെന്നാണ് കെൽറ്റിക്​ ഭാഷയിൽ കോർഡെലിയ എന്ന വാക്കിന്റെ അർഥം. 692 അടിയോളം ഉയരമുള്ള കപ്പലില്‍ 11 ഡെക്കുകളിലായി 769 ക്യാബിനുകള്‍ ഉണ്ട്. സ്വിമ്മിംഗ് പൂള്‍, മൂന്ന് ഭക്ഷണശാലകള്‍, അഞ്ച് ബാറുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, സ്‍പാ, തിയറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാര്‍ട്ടികള്‍, ഷോപ്പിംഗ് സെന്‍റര്‍ എന്നിവയെല്ലാം ഈ കപ്പലില്‍ ഉണ്ട്.

1800 യാത്രക്കാരെ വഹിക്കാൻ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്​. കു​ട്ടികൾക്കായുള്ള വലിയ ​പ്ലേ​ ഏരിയയും മുകളിലേക്ക്​ പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്​. യാത്രക്കാർക്കായി  ലൈവ്​ മ്യൂസിക്​ ഷോ, ക്വിസ്​ ​മത്സരങ്ങൾ, ഗെയിമുകൾ എന്നിവയും ഈ കപ്പലില്‍  ഒരുക്കിയിരുന്നു​.  ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐ.ആർ.സി.ടി.സിയും കോർഡെലിയ ക്രൂയിസ് കപ്പൽ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. മെനു കാർഡിൽ നൂറിലധികം വിഭവങ്ങൾ ലഭ്യമാണ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്ക്.  

Follow Us:
Download App:
  • android
  • ios