ബെംഗളുരു: അനന്തമായി നീളുകയാണ് കർണാടക നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ്. ചൊവ്വാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർ പ്രഖ്യാപിച്ചെങ്കിലും എപ്പോഴുണ്ടാകുമെന്ന് ഒരുറപ്പുമില്ല. തിങ്കളാഴ്ച മാത്രം ചർച്ച നീണ്ടത് പന്ത്രണ്ട് മണിക്കൂറിലധികം.

ഇടയ്ക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇടവേളയൊക്കെ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ പ്രസംഗങ്ങൾ തുടർച്ചയായി കേട്ടുകൊണ്ടിരുന്നാൽ എംൽഎഎമാർക്ക് ബോറടിക്കില്ലേ? രാവിലെ 11 മണിക്ക് തുടങ്ങിയ സഭയിൽ വൈകിട്ട് ആറ് മണിയായിട്ടും ആകെ സംസാരിച്ചു തീർന്നത് നാല് പേരാണ്. ഓരോരുത്തരും രണ്ട് മണിക്കൂർ വീതമാണ് പ്രസംഗിച്ചത്. ഇതൊക്കെ കേട്ടുകൊണ്ടിരുന്ന എംഎൽഎമാർ എന്തു ചെയ്തു?

: (കടപ്പാട് സുവർണ ന്യൂസ്) 

ചിലരൊക്കെ കേട്ടു കൊണ്ടിരുന്നു. ചിലർ കോട്ടുവായിട്ടു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരൻ എച്ച് ഡി രേവണ്ണയാകട്ടെ മുകളിൽ കണ്ട ചിത്രത്തിൽ കാണുന്നത് പോലെ കിടന്നുറങ്ങി.

വിശക്കുന്നെന്ന് എംഎൽഎമാർ, കാന്‍റീൻ അടച്ചെന്ന് സ്പീക്കർ

ബോറടിപ്പിക്കുന്ന സഭാ നടപടികൾ ഇഴഞ്ഞു നീങ്ങി രാത്രിയായപ്പോഴാണ് അൽപം ജീവൻ വച്ചത്. ഇങ്ങനെ നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്ന് ബിജെപി എംഎൽഎമാർ ബഹളം വച്ച് തുടങ്ങി. തനിക്കൊന്നും ചെയ്യാനില്ലെന്ന് സ്പീക്കർ കൈ മലർത്തി.

സഭ ഇന്ന് നി‍ർത്തി വയ്ക്കണമെന്നും, വിശ്വാസവോട്ടെടുപ്പ് ചൊവ്വാഴ്ച നടത്തിയാൽ മതിയെന്നതിനുമായി കോൺഗ്രസ് എംഎൽഎമാർ പറഞ്ഞ കാരണം, സുപ്രീംകോടതിയിലെ ഹ‍ർജികളായിരുന്നു. ബഹളം നീണ്ടു നീണ്ട് പോയി രാത്രി പത്തരയായപ്പോൾ, സഭ നിർ‍ത്തി വയ്ക്കാനുള്ള കാരണങ്ങളൊക്കെ മാറി. ''പ്രമേഹമുണ്ടേ, സഭ നിർത്തണേ'', എന്ന് ചില ഭരണകക്ഷി എംഎൽഎമാർ. ''വീട്ടിൽ കുട്ടികളും വയസ്സായവരുമുണ്ട്, വീട്ടിൽ പോകണ''മെന്ന് മറ്റു ചില വനിതാ എംഎൽഎമാർ. 

''വിശ്വാസവോട്ട് എന്തായാലും നടത്തിയേ പറ്റൂ, പക്ഷേ, ഭക്ഷണം കഴിച്ചിട്ട് മതി''യെന്ന് യെദ്യൂരപ്പ. ''അതിന് കാന്‍റീൻ അടച്ച് പോയല്ലോ'' എന്ന് സ്പീക്കർ.

എന്തായാലും സഭയിൽ ബഹളം തുടരുന്നതിനിടെ, ചില ക്യാമറകൾ ബിജെപി നിയമസഭാ കക്ഷിനേതാവ് യെദിയൂരപ്പയുടെ കൈയിലേക്ക് സൂം ചെയ്തു. മൂപ്പർ ഇരുന്ന് മിഠായി തിന്നുകയാണ്. വിശക്കുന്നുണ്ടാകുമല്ലോ! സ്വാഭാവികം. 

എന്നാലും ഒറ്റയ്ക്ക് കഴിച്ച് തീർത്തില്ല യെദിയൂരപ്പ. കയ്യിൽക്കരുതിയ മിഠായികൾ ചുറ്റുമുള്ളവർക്കൊക്കെ പങ്കിട്ട് കൊടുത്താണ് കഴിച്ചത്. 

കാര്യമെന്തായാലും നന്നായി വിശന്നപ്പോൾ, സ്പീക്കർ കെ ആർ രമേശ് കുമാർ പതിനൊന്ന് മണിയോടെ പുറത്തേക്ക് പോയി. ''ഊട്ട മാടാൻ'' - അതായത് ഭക്ഷണം കഴിക്കാൻ എന്നർത്ഥം. പതിനൊന്നേ കാലോടെ തിരിച്ചെത്തി. വീണ്ടും ഈ സഭ നീണ്ടു നീണ്ട് പോകുമ്പോൾ സ്പീക്കർക്ക് പറയാനുണ്ടായിരുന്നത് ഇത്ര മാത്രം. ''ഇത് ദുർവിധി തന്നെ''.

നാടകീയ സംഭവങ്ങളും കൗതുകക്കാഴ്ചകളും വിധാന സൗധയെന്ന കർണാടക നിയമസഭയ്ക്ക് പുത്തരിയല്ലല്ലോ. വിശ്വാസവോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് കർണാടക നിയമസഭയിൽ യെദ്യൂരപ്പ കിടന്നുറങ്ങിയത് കഴിഞ്ഞയാഴ്ചയല്ലേ?