Asianet News Malayalam

ഗൽവാൻ താഴ്വരയിലെ സംഘർഷത്തിന് ഒരു വർഷമിപ്പുറം കിഴക്കൻ ലഡാക്കിലെ അവസ്ഥയെന്ത്?

"യുദ്ധവുമില്ല, സമാധാനവുമില്ല" എന്ന വളരെ വിചിത്രമായ ഒരു സാഹചര്യമാണ് നിലവിൽ ഗൽവാൻ താഴ്വരയിലുള്ളത്.

Current status of galwan valley one year after india china skirmish in ladakh
Author
Ladakh, First Published Jun 1, 2021, 6:58 PM IST
  • Facebook
  • Twitter
  • Whatsapp

ഒരു വർഷം മുമ്പ് ചൈനയുടെ കടന്നാക്രമണം കലുഷിതമാക്കിയ ലഡാക്കിലെ ഗൾവാൻ താഴ്വരയുടെ ഇന്നത്തെ അവസ്ഥയെന്ത് - 15 കോർപ്സിന്റെ മുൻ കമാണ്ടറും, നിലവിൽ കശ്മീർ കേന്ദ്ര സർവ്വകലാശാലയെ ചാൻസലറുമായ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ, ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വർഷം നടന്ന ചൈനീസ് സൈനിക അധിനിവേശവും, അതിനെ ഇന്ത്യൻ സൈനികർ ചെറുത്തതിനെ തുടർന്നുണ്ടായ പോരാട്ടങ്ങളും ഇന്ത്യാ-ചൈനാ നയതന്ത്ര ബന്ധങ്ങളെ പാടെ ഉലച്ചുകളഞ്ഞ സംഭവവികാസങ്ങളായിരുന്നു. 2020 ജൂൺ 15, 16 തീയതികളിൽ, അതിർത്തിയിലെ നിയന്ത്രണ രേഖയുടെ പലഭാഗങ്ങളിലായി ഉണ്ടായ നുഴഞ്ഞുകയറ്റങ്ങൾ പൂർവ്വസ്ഥിതിയിലാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സേന ചൈനീസ് അതിർത്തി രക്ഷാ സേനയുമായി നേർക്കുനേർ നടത്തിയ സംഭാഷണങ്ങൾ, സംഘർഷത്തിലേക്ക് നീങ്ങിയതോടെ കനത്ത പോരാട്ടങ്ങൾക്ക് അത് വഴിവെക്കുകയും ഇരുപക്ഷത്തും കാര്യമായ ആൾനാശം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സംഘർഷങ്ങളെത്തുടർന്ന്, അടുത്ത ഒരു വർഷത്തേക്ക് താഴ്‌വരയിൽ തുടർച്ചയായ ഉരസലുകൾ നടക്കുകയും, അത് ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷിബന്ധത്തെ സാരമായി ബാധിക്കുന്ന നിലയിലേക്ക് വഷളാവുകയും ചെയ്തു. അന്താരാഷ്ട്രതലത്തിലെ നയതന്ത്ര അന്തരീക്ഷം പോലും അവതാളത്തിലാക്കാൻ ഈ സംഘർഷങ്ങൾക്ക് സാധിച്ചു.

ഇന്ത്യയിൽ കൊവിഡ് ഒന്നാം തരംഗം പരമാവധി രൂക്ഷമായി നിൽക്കുന്ന പ്രതികൂല സാഹചര്യത്തിലാണ്, അന്നോളമുണ്ടായിരുന്ന സൗഹൃദശ്രമങ്ങളെയും സമാധാനദൗത്യങ്ങളെയും എല്ലാം പാടേ തകിടം മറിച്ചുകൊണ്ട് ചൈനയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഏകപക്ഷീയമായ ഒരു ആക്രമണം ഉണ്ടാവുന്നത്. തങ്ങളുടെ സൈന്യത്തിലെ ഒരു  സംഘത്തെ, അതിർത്തിക്കടുത്തുള്ള ചില നിർണായകമായ സ്ഥാനങ്ങളിലേക്ക് നിയോഗിച്ച ശേഷം, അതുവരെ തികച്ചും സമാധാനപരമായി നിത്യം പട്രോളിംഗ് നടത്തിയിരുന്ന പതിവ് റൂട്ടുകളിൽ ഇന്ത്യൻ പട്രോളിംഗ് സംഘങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് വളരെ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് അന്ന് ചൈന കൈക്കൊണ്ടത്. പരമ്പരാഗതമായ ഒരു സൈനിക ഓപ്പറേഷനിൽ ഉണ്ടാവുന്നത്ര സൈനിക ബലം ഇങ്ങനെ വന്നു സ്ഥാനം പിടിച്ച ചൈനീസ് സംഘത്തിനുണ്ടായിരുന്നില്ല എന്നതുകൊണ്ട്, അവരുടെ യഥാർത്ഥ ഉദ്ദേശ്യം എന്ത് എന്നത് സംബന്ധിച്ച്, അഭ്യൂഹങ്ങൾ നിരവധിയുണ്ടായി.

എന്നാലും, 2020 ജൂൺ 6 ന് നടന്ന ആദ്യത്തെ ഉന്നതതല ചർച്ചയിൽ ഇരു പക്ഷത്തുനിന്നും സൈന്യത്തെ പിൻവലിക്കാൻ ധാരണയായിരുന്നു. ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ഈ പിൻവാങ്ങലിനു മേൽനോട്ടം നൽകാനാണ് കേണൽ ബാബു ഗൽവാനിൽ എത്തിച്ചേരുന്നത്. എന്നാൽ ഇങ്ങനെ സമാധാനദൗത്യവുമായി ചെന്ന ഇന്ത്യൻ സൈനിക സംഘത്തെ ചതിയിൽ പെടുത്തി നിഷ്കരുണം ആക്രമിക്കുകയും വധിക്കുകയുമാണ് ചൈനീസ് ഭടന്മാർ ചെയ്തത്. അതും ആധുനിക യുദ്ധക്കളങ്ങളിൽ കണികാണാൻ പോലും കിട്ടാത്തത്ര പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിച്ച്, തികച്ചും ക്രൂരമായ രീതിയിൽ. തങ്ങൾ എന്തിനും പോന്നവരാണ് എന്ന സന്ദേശം ഇന്ത്യൻ സൈന്യത്തിന് നൽകുക എന്നതും ചൈനീസ് പക്ഷത്തുനിന്നുണ്ടായ ഈ ബീഭത്സമായ ആക്രമണങ്ങൾക്കുണ്ടായിരുന്നു.

ഇങ്ങനെ ഒരു സംഘർഷമുണ്ടായി ഇരുപക്ഷത്തും ജീവാപായമുണ്ടായതോടെ അത് നാളുകൾ നീണ്ട പ്രതിസന്ധിയാണ് താഴ്‌വരയിൽ സൃഷ്ടിച്ചത്. ഈ സംഘർഷകാലത്ത് കൂടുതൽ സൈന്യം ഇവിടേക്ക് നിയോഗിക്കപ്പെടുകയും, 2020 ഓഗസ്റ്റ് അവസാനത്തോടെ,  അതിർത്തി രേഖയുടെ പരിസരത്തുള്ള അന്നോളം പിടിച്ചെടുക്കപ്പെടാതിരുന പല പോയിന്റുകളിലും ഇന്ത്യൻ സൈന്യം തങ്ങളുടെ നിയന്ത്രണം ഉറപ്പിച്ചിരുന്നു.  ഇന്ത്യൻ സൈന്യം നടത്തിയ ഈ മുന്നേറ്റങ്ങളാണ് പിന്നീട് തങ്ങൾ അതിക്രമിച്ചു കയറി നിയന്ത്രണമുറപ്പിച്ചിരുന്ന പല ഇന്ത്യൻ പോയിന്റുകളിൽ നിന്നും നിരുപാധികം പിന്മാറാൻ ചൈനീസ് സൈനികരെ പ്രേരിപ്പിച്ചത്. "യുദ്ധവുമില്ല, സമാധാനവുമില്ല" എന്ന വളരെ വിചിത്രമായ ഒരു സാഹചര്യമാണ് നിലവിൽ ഗൽവാൻ താഴ്വരയിലുള്ളത്. ഇന്ത്യ കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ടുഴലുന്ന ഈ സാഹചര്യത്തിൽ ഗൽവാൻ താഴ്വരയിലെ സംഘർഷങ്ങളെക്കുറിച്ചുളള വിവരങ്ങൾ മാധ്യമങ്ങൾ പിന്തുടരുന്നത് കുറഞ്ഞു, അതേക്കുറിച്ചുള്ള വാർത്തകൾ അന്താരാഷ്ട്രമാധ്യമങ്ങൾ അച്ചടിക്കുന്നത് കുറഞ്ഞു എന്നല്ലാതെ, താഴ്വരയിലെ സംഘർഷങ്ങൾക്ക് ഒരർത്ഥത്തിലും ഇതുവരെ കുറവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, ഇത്തരുണത്തിൽ ഗൽവാൻ താഴ്വരയിലെ സാഹചര്യത്തെക്കുറിച്ച് ആഴത്തിൽ തന്നെ ഒരു വിശകലനം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.

2020 മെയിൽ ചൈന പ്രവർത്തിച്ച അതിക്രമം അവർ എന്തുദ്ദേശ്യം വെച്ചാണ് ചെയ്തത് എന്നത് സംബന്ധിച്ച യാതൊരു വിധ ധാരണകളും ഇതുവരെ ഉറപ്പിക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. 1962 -ൽ ചൈന എന്തിനാണ് ഇന്ത്യൻ പ്രവിശ്യകളിലേക്ക് അതിക്രമിച്ചു കയറിയത് എന്നതിന് തന്നെ ഇതുവരെ തൃപ്തികരമായ വിശദീകരണങ്ങൾ വന്നിട്ടില്ല എന്നതുകൊണ്ട് അത് സരമാക്കേണ്ടതില്ല. വെറുതെയിരിക്കുമ്പോൾ അയൽരാജ്യവുമായി പോരിന് പുറപ്പെടുക, അതിർത്തി കടന്ന് അപ്പുറം ചെന്ന് അവരുടെ നിർണായകമായ പോസ്റ്റുകൾ പിടിച്ചെടുക്കുക, എന്നിട്ട് അതെല്ലാം യുദ്ധാനന്തരം വീണ്ടും തിരിച്ചു കൊടുക്കുക - ഇങ്ങനെ ഒരു തരത്തിലും സാധൂകരിക്കാൻ സാധിക്കാത്ത പല പ്രവൃത്തികളും ചൈനയുടെ പക്ഷത്തുനിന്നുണ്ടായിട്ടുണ്ട്. 2020 ഏപ്രിലിൽ, അതിർത്തിക്കിപ്പുറം കടന്നുവന്നു ഇന്ത്യൻ സൈനികരുമായി വന്നു കൊമ്പുകോർത്തതിനും, അതുവരെയുണ്ടായിരുന്ന സൗഹൃദാന്തരീക്ഷം തകർത്തു കളഞ്ഞതിനു ചൈനയ്ക്ക് കൃത്യമായ ഗൂഢോദ്ദേശ്യലക്ഷ്യങ്ങൾ ഉണ്ടായിരിക്കും എന്നുറപ്പാണ്.

അമേരിക്കയിൽ ട്രംപ് വിജയിച്ചതും, അഫ്ഗാനിസ്ഥാനിലെയും മധ്യപൂർവ്വേഷ്യയിലെയും സംഘർഷങ്ങൾ കെട്ടടങ്ങിയതും കാരണം അന്താരാഷ്ട്രതലത്തിൽ ഒരു ചൈനാ വിരുദ്ധ വികാരം ശക്തി പ്രാപിച്ചുവരുന്നുണ്ട് എന്നൊരു ധാരണയിലേക്ക് സ്വന്തം ഇന്റലിജൻസ്, നയതന്ത്ര വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ ചൈന എത്തിച്ചേർന്ന മട്ടുണ്ട്. നയതന്ത്രതലത്തിൽ ചൈനയുടെ ആത്മവിശ്വാസം അധികരിച്ചതിന്റെയും, രാജ്യത്ത് ദേശീയതാവികാരം പ്രബലമായത്തിന്റെയും വെളിച്ചത്തിൽ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിക്കുന്ന ചിലതിന്റെയെങ്കിലും പരിണിത ഫലങ്ങൾ ചൈനയ്ക്ക് അനുകൂലമാവാൻ ഇടയില്ല. പസിഫിക് സമുദ്രത്തിലെ വർധിച്ചു വരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കാരണം, കടൽമാർഗം ഒരു ഭീഷണി തങ്ങൾക്കുണ്ട് എന്ന് ചൈന കരുതുന്നു. ഇപ്പുറത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുമായി സഹകരിച്ചുകൊണ്ടുള്ള ഒരു നാവിക നയത്തിലേക്ക് അമേരിക്ക വന്നാൽ അത് തങ്ങൾക്ക് ആപൽക്കരമാകാം എന്നും അവർക്കറിയാം. എന്നുവെച്ച്, അതിർത്തിയിൽ ഗൽവാനിലേതുപോലുള്ള നുഴഞ്ഞുകയറ്റങ്ങളിലും സംഘർഷങ്ങളിലും ഏർപ്പെട്ട് ഇന്ത്യയെ അമേരിക്കയുമായി ഒരു നാവിക ഉടമ്പടിയിലേക്ക് നീങ്ങുന്നതിൽ നിന്ന് തടയാം എന്ന് കരുതാനും മാത്രം മൗഢ്യം ചൈനയ്ക്കുണ്ടോ എന്നറിയില്ല. നേരെ തിരിച്ചും ആകാൻ സാധ്യത നിലനിൽക്കുന്നുണ്ട്. തികച്ചും അവ്യക്തമായ രീതിയിലുള്ള പ്രശ്നങ്ങൾ അതിർത്തിയിൽ സൃഷ്ടിച്ച്, അമേരിക്കയുമായുള്ള സന്ധിയിൽ എത്തിച്ചേരുന്നത് സംബന്ധിച്ച് ഒരു തീരുമാനം എടുക്കാൻ പ്രയാസപ്പെടുന്ന ഒരു സന്ദിഗ്ധാവസ്ഥയിലേക്ക് വേണമെങ്കിൽ ഇന്ത്യയെ നയിക്കാം എന്നുമാവാം ചൈനയുടെ വിചാരം.

ഏതിനും, മേൽപ്പറഞ്ഞ രണ്ടു വഴിക്കും കാര്യങ്ങൾ നടന്നിട്ടില്ല. കാരണം, ഇന്ത്യ ഈ ഒരു കാര്യത്തിൽ എത്രയോ നേരത്തെ കാര്യങ്ങൾ വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലെ ഇന്ത്യയുടെ നിലപാടുകളും സുവ്യക്തമാണ്. നിലവിൽ വളരെ സുചിന്തിതമായ രീതിയിലാണ് ചൈന അതിർത്തിയിൽ ഇന്ത്യയുമായി ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിലെ ചൈനയുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു നയതന്ത്ര ഇടപെടലാണ് ഇനി ഇന്ത്യൻ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളത്.

സംഘർഷങ്ങൾക്ക് അയവുവരുത്താനുളള തീരുമാനം ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നുകഴിഞ്ഞു എങ്കിലും ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഈ അക്രമം നിലവിൽ ഇരു രാജ്യത്തിന്റെയും സൈന്യങ്ങൾക്കിടയിലെ പരസ്പര വിശ്വാസത്തിന് ഇടിവുപറ്റിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ, നിലവിലെ സംഘർഷങ്ങളിൽ ഉണ്ടായിട്ടുള്ള അയവ് ഒട്ടും പ്രതീക്ഷക്ക് വക നൽകുന്ന ഒന്നല്ല. നമ്മുടെ സൈനികരെ പട്രോളിംഗ് നടത്താൻ അനുവദിക്കാതിരിക്കുക, നിർണായകമായ അതിർത്തി കേന്ദ്രങ്ങളിൽ ബഫർ സോണുകൾ ഉണ്ടാക്കുക തുടങ്ങി ചൈനയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള നടപടികൾ ഒന്നും തന്നെ ശുഭോദർക്കമല്ല.

നിലവിൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുളള നീക്കങ്ങൾ കാരണം 60,000 സൈനികരെയാണ് ഇന്ത്യക്ക് പുനർ വിന്യസിക്കേണ്ടി വന്നിരിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും അപ്രവചനീയത നിലനിൽക്കുന്നുണ്ട്. സംഘർഷങ്ങൾ കാത്തുനിൽക്കുന്നത് നേരിയ പ്രകോപനങ്ങൾക്ക് വേണ്ടി മാത്രമാണ്. ഇന്ത്യയെ സമർദ്ദത്തിലാഴ്ത്തിക്കൊണ്ട് പലതും നേടാനാവും എന്ന പ്രതീക്ഷയിൽ തൽക്കാലത്തേക്ക് സ്ഥിതിഗതികൾക്ക് മുറുക്കം കൂട്ടാതെ കാത്തിരിക്കുകയാണ് ചൈന ലഡാക്ക് അതിർത്തിയിൽ. ചൈനയിൽ നിന്ന് ഭാവിയിൽ ഉണ്ടാകാനിടയുള്ള സായുധ ആക്രമണങ്ങളെ നേരിടാൻ ആവശ്യമായ അത്യാധുനിക ഡിഫൻസ് സാങ്കേതിക വിദ്യയും അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങളും അതിർത്തി കേന്ദ്രീകരിച്ച് സജ്ജീകരിക്കുകയാണ് അടുത്തതായി ഇന്ത്യ ചെയ്യാനുള്ളത്. പ്രസ്തുത സംവിധാനങ്ങൾ ഏത് നിമിഷവും അതിർത്തിയിൽ എവിടെയും നിയോഗിക്കാൻ പറ്റും വിധം 'മൊബിലിറ്റി' ഉള്ളതും ആവേണ്ടതുണ്ട്. നിലവിൽ നമ്മുടെ നിയന്ത്രണത്തിലുള്ള അതിർത്തിയിലെ നിർണായകമായ പോയന്റുകൾ സംരക്ഷിച്ചു നിർത്താൻ ഇത്തരത്തിലുള്ള അത്യാധുനിക സൈനിക സാങ്കേതിക സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്.

നിലവിൽ ഇന്ത്യ നേരിടുന്ന ഗുരുതരമായ മഹാമാരിക്കിടയിലും അതിർത്തിയിൽ പ്രകോപനങ്ങൾ സൃഷ്ടിച്ച് കാര്യങ്ങളെ ഒരു സംഘർഷത്തിലേക്ക് നയിക്കാൻ വേണ്ടി ഗൂഢാലോചന നടത്തുന്ന ചൈന പോലൊരു അയൽ രാജ്യത്തെ ഒരു തരത്തിലും വിശ്വാസത്തിലെടുക്കാൻ പറ്റില്ല എന്നത് ഒരു യാഥാർഥ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ പതിവിൽ കവിഞ്ഞ മുൻകരുതലുകൾ തന്നെ നമ്മുടെ സൈന്യം ഗൽവാൻ താഴ്‌വരയിൽ കൈക്കൊള്ളേണ്ടതുണ്ട്.

Follow Us:
Download App:
  • android
  • ios