Asianet News MalayalamAsianet News Malayalam

ഇത് രണ്ടാം തവണ, അന്ന് കൊന്നത് ആസിഡ് ആക്രമണ കേസിലെ പ്രതികളെ; വി സി സജ്ജനാര്‍ 'വിവാദ പൊലീസ്'

തെലുങ്കാനയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. 2008 രണ്ട്പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെയാണ് അന്ന് പൊലീസ് വെടി വെച്ചു കൊന്നത്. 

Cyberabad police commissioner VC Sajjanar led a similar encounter in Warangal in 2008
Author
Hyderabad, First Published Dec 6, 2019, 10:34 AM IST

ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ കൊന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. തെലുങ്കാനയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. 2008 രണ്ട് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെയാണ് അന്ന് പൊലീസ് വെടി വെച്ചു കൊന്നത്. ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നാണ് ആരോപണം. അന്നത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഇപ്പോഴത്തെ സൈബറാബാദ് കമ്മീഷണർ വി സി  സജ്ജനാര്‍ ( അദ്ദേഹത്തിന്‍റെ അധികാരപരിധിയിലാണ് ദിശ സംഭവവും നടന്നത്)   ആണ് എന്നതും ശ്രദ്ധേയമാണ്. വി സി  സജ്ജനാര്‍ വാറംഗൽ എസ്പി ആയിരിക്കെയാണ് ആസിഡ് ആക്രമണത്തിലെ  പ്രതികളെ വെടിവെച്ച് കൊന്നത് .

26കാരി കൊല്ലപ്പെട്ടതിന് ശേഷം പ്രതികള്‍ക്കെതിരെ ജനരോഷം ആളി കത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ഇന്ന് പ്രതികള്‍ കൊല്ലപ്പെട്ടത്. 2008 ലും കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടിവെപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടു എന്നുമാണ് അന്നും ഇന്നും പൊലീസിന്‍റെ ഭാഷ്യം. 

2008-ല്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും കോളേജിലേക്ക് പോകുന്ന വഴിയാണ് ആസിഡ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. മുഖ്യ പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിദ്വേഷം ആണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. ശ്രീനിവാസനും സുഹൃത്തുക്കളായ ബി സഞ്ജയ്, പി ഹരികൃഷ്ണന്‍ എന്നിവരും ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് ദിശ കേസിലെ പ്രതികൾ. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത്  രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് പറയുന്നത്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios