കൊല്‍ക്കത്ത: യാസ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് റെഡ് അലർട്ട്. പശ്ചിമ ബംഗാളിൽ രണ്ടുപേർ മിന്നലേറ്റ് മരിച്ചു. നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. 

നാളെ രാവിലെ എട്ടര മുതൽ  രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണ്ണമായും അടയ്ക്കും. കേരളത്തിലേക്ക് പുറപ്പെടേണ്ട സിൽച്ചർ - തിരുവനന്തപുരം സെപഷ്യൽ ട്രെയിൻ ഉൾപ്പെടെ 38 ദീർഘദൂര ട്രെയിനുകൾ കിഴക്കൻ റെയിൽവേ റദ്ദാക്കി. ടിക്കറ്റ് പണം തിരികെ നൽകും. ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 160 കിലോമീറ്റർ അകലെ മാത്രമാണ് ഇപ്പോൾ ചുഴലിക്കാറ്റ്. നാളെ രാവിലെയോടെ ഒഡിഷ തീരത്ത് ദമ്ര പോർട്ടിനു സമീപമെത്തി  ഉച്ചയോടെ  പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര - ബാലസോർ  സമീപത്തു കൂടി മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

അടിയന്തരസാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും  കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നി‍ർദ്ദേശം നൽകിയെന്ന് നാവികസേന അറിയിച്ചു.