സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കും എസ് സി/എസ് എടി അതിക്രമം തടയല്‍ നിയമപ്രകാരവും മാലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: കോലാറില്‍ ദിവസവേതനത്തൊഴിലാളിയായ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. കോലാര്‍ ജില്ലയിലെ മാലൂര്‍ താലൂക്കിലെ ഉലരഗരെ സ്വദേശിയായ ശ്രീനിവാസ് (32) ആണ് തൂങ്ങി മരിച്ചത്. സുഹൃത്തിന്‍റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് ആരോപണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കും എസ് സി/എസ് എടി അതിക്രമം തടയല്‍ നിയമപ്രകാരവും മാലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ ശ്രീനിവാസിന്‍റെ സുഹൃത്തായ അശോക് (32), ഇയാളുടെ ഭാര്യ മഞ്ജുള എന്നിവര്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കെതിരെയാണ് കേസ്. 

ഉലരഗരെ ഗ്രാമത്തിലെ ശ്രീനിവാസും അശോകും സുഹൃത്തുക്കളും ദിവസവേതന തൊഴിലാളികളുമാണെന്ന് കോലാര്‍ എസ് പി എം നാരായണന്‍ പറഞ്ഞു. അശോകിന്‍റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശമായി സംസാരിച്ചിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ശ്രീനിവാസ് അശോകിനെ വഴക്കുപറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. ശ്രീനിവാസ് നടത്തിയ പരാമർശം നേരാണോയെന്നറിയാൻ അശോക് വീട്ടിലെത്തി ഭാര്യയോട് ചോദിക്കുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു.

തന്നെക്കുറിച്ച് മോശം പറഞ്ഞത് ശ്രീനിവാസാണെന്ന് അറിഞ്ഞ മഞ്ജുള അശോകിനെയും കൂട്ടി ശ്രീനിവാസന്‍റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ശ്രീനിവാസന്‍റെ വീട്ടില്‍ പോയി പ്രശ്നമുണ്ടാക്കിയതിന് അശോക് ഭാര്യയുമായി തര്‍ക്കത്തിലായി. അശോക് ചീത്തപറഞ്ഞതിന്‍റെ ദേഷ്യത്തില്‍ മഞ്ജുള പിന്നീട് ശ്രീനിവാസന്‍റെ വീട്ടിലെത്തി കുടുംബത്തില്‍ പ്രശ്നമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് ചൂലുകൊണ്ട് അടിച്ചതായാണ് ആരോപണമെന്നും ഇതില്‍ മനംനൊന്ത് ശ്രീനിവാസ് തൂങ്ങി മരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കേസെടുത്ത നാലുപേരെയും ചോദ്യം ചെയ്തുവരുകയാണെന്നും ശ്രീനിവാസിന്‍റെ കുടുംബാംഗങ്ങളുടെ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും മാലൂര്‍ പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് കോലാറില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കൊലപ്പെടുത്തിയിരുന്നു. സംഭവം മറിഞ്ഞ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയും ചെയ്തിരുന്നു