സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകൾ മാർച്ച് നടത്തി
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകൾ മാർച്ച് നടത്തി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റെ നേതൃത്വത്തിൽ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ പ്രതികരിച്ചിരുന്നു. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം.
പ്രതിഷേധം ശക്തം
വിഷയത്തിൽ രാഷ്ട്രീയ പോരും കടുക്കുകയാണ്. സംഭവം രാജ്യത്തെ ക്രമസമാധാനം തകർന്നതിന്റെ തെളിവെന്നാണ് കോൺഗ്രസ് പറയുന്നത്. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നും, ഒരു ഇന്ത്യക്കാരനും ഇതിനെ പിന്തുണക്കില്ലെന്നും കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഖ്വാൾ വ്യക്തമാക്കി. സംഘപരിവാറിന്റെ ഭീഷണിയാണിതെന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിപിഎം പ്രതികരിച്ചിട്ടുണ്ട്.
നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍
അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ട്. അഭിഭാഷകന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ രാകേഷ് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം വിട്ടയച്ചിരുന്നു.



