ലക്‌നൗ: കള്ളനാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ നാട്ടുകാര്‍ ചുട്ടുകൊന്നു. ഇരുപത്തിയെട്ടുകാരനായ സുജിത് കുമാര്‍ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പുലര്‍ച്ചെ ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സുജിത് കുമാര്‍ തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന്, റോഡിന് വശത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. 

എന്നാല്‍ സുജിത്തിനെ കണ്ടതും കള്ളനാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു. തുടര്‍ന്ന് നാലിലധികം പേര്‍ ചേര്‍ന്ന്, സുജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം, സുജിത്തിന്റെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 

ശരീരം നാല്‍പത് ശതമാനത്തിലധികം പൊള്ളിയ, സുജിത്തിനെ പിന്നീട് മറ്റാരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ലക്‌നൗവിലെ ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് സുജിത് മരിച്ചത്. പൊള്ളലേറ്റയിടങ്ങളില്‍ നിന്നുണ്ടായ അണുബാധ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പടര്‍ന്നതാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. 

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ശ്രാവണ്‍, ഉമേഷ് യാദവ് എന്നീ പ്രതികളെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലും മറ്റ് രണ്ട് പ്രതികളെ പിന്നീടും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.