കളക്ടർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, കാബിനറ്റ് പദവി; പാണ്ഡ്യൻ മുഖ്യമന്ത്രിയാകുമെന്ന് പ്രതിപക്ഷം
ഒഡിഷ കേഡറിലെ 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു വി കെ പാണ്ഡ്യന്‍. സർവീസിൽ നിന്ന് സ്വയം വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് കാബിനറ്റ് പദവി ലഭിച്ചത്

ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഐഎഎസ് ഓഫീസര്‍ വി കെ പാണ്ഡ്യന് കാബിനറ്റ് പദവി. സർക്കാർ സർവീസിൽ നിന്ന് സ്വയം വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് പാണ്ഡ്യന് കാബിനറ്റ് പദവി ലഭിച്ചത്. 5ടി (ട്രാന്‍സ്ഫര്‍മേഷന്‍ ഇനിഷ്യേറ്റീവ്) ചെയര്‍മാന്‍ പദവിയാണ് നല്‍കിയത്.
ഒഡിഷ കേഡറിലെ 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു പാണ്ഡ്യന്‍. 2002 ൽ സംസ്ഥാനത്തെ കലഹണ്ടി ജില്ലയിലെ ധർമഗഢിലെ സബ് കലക്ടറായാണ് തുടക്കം. 2006 ൽ മയൂർഭഞ്ച് ജില്ലാ കളക്ടറായി. രണ്ട് വർഷത്തിന് ശേഷം 2007 ൽ ഗഞ്ചം കളക്ടറായി സ്ഥാനമേറ്റു. 2011ൽ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ഓഫീസിൽ എത്തിയ വി കെ പാണ്ഡ്യൻ അന്ന് മുതൽ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ്.
2019 ൽ പട്‌നായിക് അഞ്ചാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍, സർക്കാർ വകുപ്പുകളിൽ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അധിക ചുമതല വി കെ പാണ്ഡ്യനെ ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ സഹായിയെന്ന നിലയിൽ പാണ്ഡ്യന്റെ ഉയർച്ചക്കെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി പാണ്ഡ്യന്‍ പദവി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. സര്‍വീസില്‍ നിന്ന് രാജിവെച്ച് പാണ്ഡ്യന്‍ ബിജെഡിയില്‍ ചേരട്ടെ എന്നാണ് കോണ്‍ഗ്രസും ബിജെപിയും പറഞ്ഞത്. പിന്നാലെ അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയും ചെയ്തു.
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് വി കെ പാണ്ഡ്യൻ ഒഡിഷ മുഖ്യമന്ത്രിയായി ചുമതലയേറ്റാലും അത്ഭുതപ്പെടാനില്ലെന്ന് കോൺഗ്രസ് എംപി സപ്തഗിരി ഉലക പറഞ്ഞു. ഒഡിഷയിലെ അധികാര ഘടന ഇങ്ങനെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ഒരു സൂചനയും ഇല്ല. എന്നാൽ ആരാണ് നിയന്ത്രിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അവധിക്കാലമായിട്ടും മൂന്ന് ദിവസത്തിനുള്ളിൽ സ്വയം വിരമിക്കല്‍ അംഗീകരിച്ചിരിക്കുന്നുവെന്നും ഉടനെ കാബിനറ്റ് പദവി നല്‍കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം