ദില്ലി: അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‍‍ലിയുടെ  മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു.  നിഗം ബോധ്ഘട്ടിലാണ് മൃതദേഹം സംസ്‍കരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ്‌ സിങ്, സ്മൃതി ഇറാനി, ജെപി നദ്ദ, ബി എസ് യെദിയൂരപ്പ ,എല്‍ കെ അദ്വാനി എന്നിവര്‍ അവസാനമായി അന്തിമോപചാരം അര്‍പ്പിച്ചു. 

ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്‍റെ നാനാതുറയിലുള്ളവർ എത്തിയിരുന്നു. വസതിയിലെ പൊതു ദർശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്കാരം നടന്ന നിഗം ബോധ്ഘട്ടില്‍ എത്തിക്കുകയായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‍‍ലി ഇന്നലെ ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്. സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജയ്റ്റ്‍‍ലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമായത്. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജയ്റ്റ്‍‍ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജയ്റ്റ്‍‍ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.