ഇയാള്‍ക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചില്ലെന്ന് പൊലീസ്.
ദില്ലി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് വാട്സാപ്പിലുടെ സന്ദേശമയച്ച ഒരാൾ പൊലീസ് പിടിയില്‍. ഗുജറാത്ത് ബരോഡ സ്വദേശിയായ 26 വയസുകാന്‍ മായങ്ക് പാണ്‍ഡ്യയാണ് പിടിയിലായത്. നടന്‍റെ കാറും വീടും ബോംബുവെച്ച് തകര്‍ക്കുമെന്നും നടനെ വീട്ടിൽ എത്തി കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. വർളിയിലെ ട്രാൻപോർട്ട് ഓഫിസിലേക്കാണ് വാട്ട്സാപ്പ് വഴി ഭീഷണി സന്ദേശം അയച്ചത്. താനാണ് കുറ്റം ചെയ്തതെന്ന് മായങ്ക് പാണ്ഡ്യ പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ മാനസിക പ്രശ്നങ്ങൾക്ക് കഴിഞ്ഞ 10 വർഷമായി ചികില്‍സ തേടുന്നയാളെന്നാണ് പൊലീസ് നല‍്കുന്ന വിവരം. ചോദ്യം ചെയ്ത ശേഷം യുവാവിനെ ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടു. രണ്ടു ദിവസത്തിനുള്ളില്‍ മുംബൈയില്‍ ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ബിഷ്ണോയി സംഘത്തിന് പങ്കില്ലെന്നാണ് പൊലീസ്‍ നല‍്കുന്ന വിവരം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സല്‍മാന്‍ ഖാന് ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ ലഭിക്കുന്നുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനെ ലക്ഷ്യം വച്ചാണ് സംഘം ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നത്. ബിഷ്‌ണോയി സമൂഹത്തിന് മതപരമായ പ്രാധാന്യമുള്ള മൃഗമാണ് കൃഷ്ണമൃഗം.
കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് മൊഴിയില്‍ സൽമാൻ പറഞ്ഞു. തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞു. പിന്നീട് സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
