ദിസ്പൂര്‍: അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 123 ആയി. ഇതിൽ 26 പേർ മരിച്ചത് മണ്ണിടിച്ചിലിലാണ്. 27 ജില്ലകളിലായി ഇരുപത്തിയാറ് ലക്ഷത്തിലധികം പേർ പ്രളയക്കെടുതിയിലാണ്. 294 ദുരിതാശ്വാസ ക്യാമ്പുകളിലായി 47,772 ജനങ്ങളാണ് കഴിയുന്നത്. പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്.  

വ്യോമസേനയുടെയും ദുരന്ത നിവാരണ സേനയുടെയും  പ്രവർത്തനങ്ങൾ ഊർജജിതമാണ്. കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ തൊണ്ണൂറ് ശതമാനവും വെള്ളത്തിനടിയിലാണ്. പ്രളയബാധ്യത മേഖലകളിൽ പകർച്ചവ്യാധികൾ പടരുന്നത് നിയന്ത്രിക്കുകയെന്നതാണ് ഇപ്പോൾ വെല്ലുവിളി. അതേസമയം ബീഹാറിലും പ്രളയം വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത് പത്തു ലക്ഷം ജനങ്ങളാണ് പ്രളയക്കെടുതി നേരിടുന്നത്. ഇതുവരെ 18 പേർ മരിച്ചു. ഉത്ത‍ർപ്രദേശിലെ പ്രളയബാധ്യത മേഖലകളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യോമമാർഗം നീരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.