കർണാടകയിൽ നടന്ന പ്രാന്തപ്രചാരക് ബൈഠക്കിൽ അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആർഎസ്എസ് അഗാധമായ ദുഃഖവും നിരാശയും രേഖപ്പെടുത്തി. എസ്ഐടി അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച സംഘടന, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ പ്രതികരണവുമായി ആർഎസ്എസ്. ക്ഷേത്രക്കൊള്ളയിൽ നിരാശയും ദുഃഖവുമുണ്ടെന്ന് സംഘടന അറിയിച്ചു. എസ്ഐടി അന്വേഷണത്തിലൂടെ സത്യം പുറത്ത് വരും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് ജാഗ്രത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കർണാടകയിൽ നടന്ന ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിൽ പറയുന്നു. ബെലഗാവിയിൽ നടന്ന ആർഎസ്‌എസിന്റെ വാർഷിക അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക്കിന്റെ സമാപന ദിവസത്തിലാണ് ഈ വിഷയം ചർച്ച ചെയ്തത്. ശ്രീരാമ ജന്മഭൂമി മന്ദിറിലെ വഴിപാടുകളുടെ ക്രമക്കേടുകളിൽ എല്ലാവരും ദുഃഖം പ്രകടിപ്പിച്ചു. തീർത്ഥ ക്ഷേത്ര ന്യാസിന്റെ അഭ്യർത്ഥനപ്രകാരം ആരംഭിച്ച എസ്‌ഐടിയും പോലീസ് നടപടിയും നിർണായക വഴിത്തിരിവിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും ആർഎസ്‌എസ് പ്രസ്താവനയിൽ പറഞ്ഞു.
ഭാവിയിൽ രാമഭക്തരുടെ രാമക്ഷേത്രത്തോടുള്ള ആദരവും ആഴത്തിലുള്ള വിശ്വാസവും വ്രണപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാകില്ലെന്ന് തീർത്ഥ ക്ഷേത്ര ന്യാസ് ഉറപ്പാക്കുമെന്ന് സംഘം പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ജൂൺ 7 നാണ് രാമക്ഷേത്ര സംഭാവനകളുടെ തട്ടിപ്പ് പുറത്തുവന്നത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ടിനെത്തുടർന്ന് ജൂൺ 25 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ എട്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തു.
ജൂലൈ 10 മുതൽ 12 വരെ നടന്ന മൂന്ന് ദിവസത്തെ യോഗം ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭഗവത്, സർക്കാർവാഹ ദത്താത്രേയ ഹൊസബാലെ, 226 കാര്യകർത്താക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സമാപിച്ചു. 2026 മാർച്ചിനുശേഷം നടത്തിയ പരിശീലന ക്യാമ്പുകൾ യോഗം അവലോകനം ചെയ്തു, രാജ്യത്തുടനീളം 83 സംഘ ശിക്ഷാ വർഗങ്ങളും 12 കാര്യകർത്താ വികാസ് വർഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്നും മൊത്തം 18,842 സ്വയംസേവകർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
