ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യതലസ്ഥാനമായ ദില്ലിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ ദില്ലിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് പോലെ രാജ്യത്തിന്റെയും ദില്ലിയുടെയും ഉത്തരവാദിത്തം നിറവേറ്റണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ദില്ലിയിലെ സ്ത്രീകളോട്  പ്രത്യേകമായും കെജ്രിവാൾ അഭ്യർത്ഥിച്ചു. എല്ലാവരും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകണമെന്നും പോളിംഗ് റെക്കോര്‍ഡിലേക്ക് എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ആദ്യമണിക്കൂറുകളില്‍ മന്ദഗതിയിലാണ് വോട്ടിംഗ് നടക്കുന്നത്. 

ന്യൂ ദില്ലി മണ്ഡലത്തിലെ സർദാർ പട്ടേൽ വിദ്യാലയത്തിലെ 114 J0 നമ്പർ ബൂത്തിലെ വോട്ടിംഗ് നിർത്തിവച്ചു.യമുനാ വിഹാറിലെ ഒരു ബൂത്തിലും വോട്ടിംഗ് മെഷിനില്‍ തകരാർ കണ്ടെത്തി. 

രാവിലെ എട്ടു മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് നാലുവരെയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍, തുടങ്ങിയ പ്രമുഖര്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് ക്രമാനുഗതമായി വര്‍ധിക്കുന്ന രീതിയാണ് ദില്ലിയില്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളത്. അത് തന്നെ ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് ദില്ലിയുടെ വിധിയെഴുതുക. 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് എങ്ങും. ദില്ലി പോലീസിലെ നാൽപതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്. 

സമീപകാലത്ത് കണ്ട ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പാണ് ഇത്തവണ ദില്ലിയില്‍. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്. കൈവിട്ട വാക്കുകള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി നേരിടേണ്ടിയും വന്നു. പരമാവധി നേതാക്കളെ മണ്ഡലങ്ങളില്‍ നേരിട്ടെത്തിച്ച് പരമാവധി വോട്ട് പെട്ടിയിലാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ അഞ്ചു കൊല്ലത്തെ വികസനം തന്നെയായിരുന്നു എഎപിയുടെ തുറുപ്പ് ചീട്ട്. തെര‍ഞ്ഞെടുപ്പിന് തലേദിവസം കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊണാട്ട്പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയത്. ഷഹീന്‍ബാഗ് സമരം നടക്കുന്ന അഞ്ചുബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.