ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കി ദില്ലി കോടതി. ദില്ലി തീസ് ഹസാരി കോടതിയാണ് ഇളവനുവദിച്ചത്. ആസാദിന് ദില്ലിയില്‍ താമസിക്കാമെന്ന് കോടതി പറഞ്ഞു. ദില്ലിയില്‍ വരുന്നതിന് മുമ്പ് പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കോടതിയിൽ നൽകിയ വിലാസത്തിൽ മാത്രമേ താമസിക്കാവൂ എന്നാണ് നിബന്ധനയുള്ളത്. വൈദ്യപരിശോധനകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ദില്ലിയില്‍ ആസാദിന് എത്താം. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ജനാധിപത്യ രാജ്യത്ത് ഏറെ പ്രാധാന്യമുള്ളതാണ്. അതില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കണം. അതുകൊണ്ട് ചന്ദ്രശേഖര്‍ ആസാദിനും അതില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ആസാദ് ദില്ലിയിലുണ്ടെങ്കില്‍ അത് കലാപസാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന വാദം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കാമിനി ലൌ വ്യക്തമാക്കി. പൗരത്വ നിയമഭേദ​ഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദിന് കഴിഞ്ഞ 15നാണ് കോടതി ജാമ്യം അനുവദിച്ചത്.

അടുത്ത ഒരുമാസത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. ഇപ്പോള്‍ ആ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം ദില്ലി ജമാമസ്ജിദില്‍ എത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആസാദ് പങ്കെടുത്തിരുന്നു.

ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ആസാദ് സമരത്തിന്‍റെ ഭാഗമായത്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്. 'സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്ന് ആസാദ് പറഞ്ഞിരുന്നു.