ദില്ലി: മഹാരാഷ്ട്രയിലേയും ദില്ലിയിലും കൊവിഡ് രോ​ഗവ്യാപനം തുടരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് രോ​ഗികളുടെ എണ്ണം ആയിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ദില്ലി. ഇന്ന് 166 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ആകെ കൊവിഡ് കേസുകൾ 1069 ആയി. ​ദില്ലിയിൽ ഇന്ന് അഞ്ച് കൊവിഡ് രോ​ഗികളാണ് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ദില്ലിയിലെ കൊവിഡ് മരണങ്ങൾ 19 ആയി. 

മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 1761 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 187 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ചത്. ഇതിൽ 138 കേസുകളും മുംബൈയിലാണ്.  ശനിയാഴ്ച രാത്രി എട്ട് മണിക്ക് ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു. ശനിയാഴ്ച രാത്രി ലഭ്യമായ കണക്ക് അനുസരിച്ച് ആകെ 8063 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 242 പേ‍ർ രോ​ഗം ബാധിച്ചു മരിച്ചു.  

തെലങ്കാനയിൽ ഇന്ന് രണ്ട് പേരാണ് കൊവിഡ് രോ​ഗം ബാധിച്ചു മരിച്ചത്. 16 പേ‍ർക്ക് പുതുതായി കൊവിഡ് രോ​ഗം സ്ഥിരീകരിച്ചപ്പോൾ 51 പേർ രോ​ഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ തെലങ്കാനയിലെ ആകെ കൊവിഡ് മരണങ്ങൾ 14 ആയി. അതിനിടെ ഒഡീഷയ്ക്ക് പിന്നാലെ തെലങ്കാനയും ലോക്ക് ഡൗൺ ഏപ്രിൽ മുപ്പത് വരെ നീട്ടിയിട്ടുണ്ട്. 

ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നിലവിലുള്ളതിലും നാല്‍പത്തിയൊന്ന് ശതമാനം കൂടുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. രോഗബാധിതരുടെ  എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അറുപത് ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഉയരുന്ന മരണ നിരക്കും ആശങ്കപ്പെടുത്തുന്നതാണ്. ആകെ രോഗബാധിതരില്‍ പത്ത് ശതമാനമാണ് ഇതുവരെ രോഗ
മുക്തി  നേടിയത്. 

മഹാരാഷ്ട്ര, തമിഴ് നാട്, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിനൊപ്പം രോഗമുക്തി നേടുന്നവരുടെ പട്ടികയിലും മഹാരാഷ്ട്രയാണ് മുന്നില്‍ . രോഗമുക്തിയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍  ഈ മാസം പതിനഞ്ചോടെ രോഗികളുടെ എണ്ണം 8.2 ലക്ഷം ആകുമായിരുന്നുവെന്നത് ഐസിഎംആര്‍ പഠനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സ്ഥിതിവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിലയിരുത്തലായിരുന്നു അതെന്നാണ് കേന്ദ്ര ആരോ​ഗ്യസെക്രട്ടറി പറയുന്നു. 

ഈ  കണക്കിനെ ഐസിഎംആര്‍ പഠനമെന്ന് ചൂണ്ടിക്കാട്ടി  വിദേശകാര്യമന്ത്രാലയം നടത്തിയ ലോക്ക് ഡൗണ്‍ വിലയിരുത്തല്‍ നേരത്തെ ആരോഗ്യമന്ത്രാലയം തള്ളിയിരുന്നു. ദ്രുതപരിശോധന കിറ്റുകളുടെ (റാപ്പിഡ് കിറ്റുകൾ) ക്ഷാമം ഉണ്ടെന്ന സംസ്ഥാനങ്ങളുടെ പരാതി ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നും പുതിയ ഓര്‍ഡര്‍ നല്‍കിയെന്നും ഐസിഎംആര്‍ അറിയിച്ചു. 

ഹൈഡ്രോക്ലോറോക്വിന്‍ ഗുളിക പ്രതിരോധം മാത്രമാണ്. ചികിത്സക്ക് നിര്‍ദ്ദേശിക്കില്ലെന്നും ഐസിഎംആര്‍ ആവര്‍ത്തിച്ചു. റസിഡന്‍റ് ഡോക്ടര്‍മാരുടെ സംഘടന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന്  കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.