ദില്ലി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ. ബാബ സാഹേബ്​ അംബേദ്​കർ ആശുപത്രിയിൽ ഡോക്​ടറായിരുന്ന ജോഗീന്ദർ ചൗധരി(27)യാണ്​ മരിച്ചത്​. 

കൊവിഡ് രോ​ഗികളെ ചികിത്സിച്ചിരുന്ന ഇദ്ദേഹത്തിന് ജൂൺ 27ന് രോ​ഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേതുടർന്ന്​, ഇദ്ദേഹത്തെ ആദ്യം ലോക്​ നായക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ ആരോഗ്യനില മോശമായതിനെ തുടർന്ന്​ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇവിടെ ഡോക്ടറുടെ ചികിത്സക്കായി 3.4 ലക്ഷം രൂപ വേണ്ടിവന്നു. എന്നാൽ കൃഷിപ്പണിക്കാരനായ പിതാവിന് ഇത്രയും തുക താങ്ങാനായില്ല. തുടർന്ന് ഇദ്ദേഹം ബാബ സാഹേബ് അംബേദ്കർ ഡോക്‌ടേഴ്‌സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. അസോസിയേഷൻ 2.8 ലക്ഷം രൂപ പിരിച്ചു നൽകി. പിന്നാലെ ബിഎസ്​എ ഡോക്​ടേഴ്​സ്​ അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളിന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തയക്കുകയും ചെയ്തിരുന്നു. 

മധ്യപ്രദേശിലെ സിംഗ്രോളി സ്വദേശിയായ ഡോ. ജോഗീന്ദർ ചൗധരി കഴിഞ്ഞ നവംബറിലാണ് അംബേദ്കർ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ചേർന്നത്. കഴിഞ്ഞ ആഴ്ച ദില്ലിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. ജാവേദ്​ അലിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പിന്നാലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാ​രം പ്രഖ്യാപിക്കുകയും ചെയ്തു.

Read Also: ഒരു ദിവസം പോലും അവധിയെടുക്കാതെ മുൻ നിരയിൽ നിന്ന് പോരാടി; ഒടുവിൽ കൊവിഡിന് കീഴടങ്ങി ഡോക്ടർ