ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം നേരത്തേ പ്രവചിക്കപ്പെട്ടതാണ്. അധികാരത്തിൽ ആം ആദ്മി പാർട്ടി എത്തുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചു. പക്ഷേ, എത്ര സീറ്റ് ബിജെപി നേടും, കോൺഗ്രസിന് എത്ര സീറ്റ് കിട്ടും എന്നതൊക്കെയാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പക്ഷേ, സൂക്ഷ്മമായി പരിശോധിച്ചാൽ ന്യൂനപക്ഷ മേഖലകളിലടക്കം ആം ആദ്മി പാർട്ടിയുടെ കണക്കുകൂട്ടൽ തെറ്റിച്ചത് കോൺഗ്രസാണെന്ന് വോട്ട് വിഹിതം സൂചിപ്പിക്കുന്നു.

വിഐപി മണ്ഡലങ്ങളിലും ഒമ്പതോളം വരുന്ന ന്യൂനപക്ഷ മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി മത്സരിച്ചത് ബിജെപിയോടാണ്. അവിടെ കോൺഗ്രസിനെ അവർ തീർത്തും അവഗണിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കൈവിട്ട അഞ്ച് മണ്ഡലങ്ങളും കോൺഗ്രസിനൊപ്പമാണ് നിന്നതെന്നത് ആം ആദ്മി പാർട്ടി ഒരു വേള മറന്നു. അത് ഒരു തരത്തിൽ അവർക്ക് തിരിച്ചടിയാവുകയും ചെയ്തു. അതിന്‍റെ ഫലമായി ഈ മണ്ഡലങ്ങളിൽ ആം ആദ്മിക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു.

പിന്നിൽ കോൺഗ്രസോ ബിജെപിയുടെ ധ്രുവീകരണ തന്ത്രമോ?

മുസ്ലിം ഭൂരിപക്ഷമേഖലകളായ ബല്ലിമാരാനിലും ഓഖ്‍ലയിലും ബിജെപി ഇടയ്ക്ക് മുന്നിൽപ്പോകാൻ കാരണവും ഈ വോട്ട് ബാങ്കിലുണ്ടായ വിള്ളൽ തന്നെയാണ്. ഇതോടൊപ്പം പൗരത്വ നിയമഭേദഗതിയെച്ചൊല്ലിയുണ്ടായ ബിജെപിയുടെ ധ്രുവീകരണ തന്ത്രവും ഇവിടെ ആപ്പിന്‍റെ ലീഡ് അനിശ്ചിത്വത്തിലാക്കി. മധ്യവർഗ - ഹിന്ദു മണ്ഡലങ്ങളായ വടക്കൻ ദില്ലിയിലെ മോഡൽ ടൗൺ, കാരാവൽ നഗർ, കിഴക്കൻ ദില്ലിയിലെ ദ്വാരക, കൃഷ്ണ നഗർ പടിഞ്ഞാറൻ ദില്ലിയിലെ മോത്തി നഗർ എന്നീ മണ്ഡലങ്ങളിൽ ബിജെപി മുന്നിലാണ്. ആം ആദ്മി പാർട്ടിയുടെ കയ്യിലുള്ള മണ്ഡലങ്ങളായിരുന്നു ഇവയെല്ലാം. 

ബല്ലിമാരാനിൽ, ആം ആദ്മി പാർട്ടിയുടെ ഇമ്രാൻ ഹുസൈൻ പലപ്പോഴും മുന്നിലാണെങ്കിലും ലീഡ് നില മാറിമറിയുകയാണ്. ഷഹീൻ ബാഗടക്കമുള്ള ഓഖ്‍ല മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ അമാനത്തുള്ള ഖാൻ മുന്നിലാണെങ്കിലും ബിജെപിയുടെ ബ്രഹ്മ സിംഗ് ആദ്യം മുന്നിലെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. മാത്തിയ മഹലിൽ കോൺഗ്രസ് ശക്തമായ മത്സരം കാഴ്ച വയ്ക്കുകയും ചെയ്തു. 

ഓഖ്‍ലയിൽത്തന്നെയാണ് ജാമിയ മിലിയ ഇസ്ലാമിയ സ്ഥിതി ചെയ്യുന്ന ജാമിയ നഗറുമുള്ളത്. ഈ സീറ്റ് ആം ആദ്മി പാർട്ടിയുടെ കയ്യിൽ നിന്ന് പോയാൽ അത് ബിജെപിക്ക് വൻ രാഷ്ട്രീയ വിജയമാകും. പൗരത്വ നിയമഭേദഗതി ഉയർത്തിക്കാട്ടി മണ്ഡലത്തിൽ ബിജെപി നടത്തിയ ധ്രുവീകരണം വിജയിച്ചെന്ന് ആഹ്ളാദിക്കാം. ഷഹീൻ ബാഗുള്ള ഇടത്ത് ഞങ്ങൾ ജയിച്ചില്ലേ എന്ന് ചൂണ്ടിക്കാട്ടാം. ഇനിയെല്ലാ ആരോപണങ്ങളെയും അത് കാട്ടി നേരിടാം.

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് (12.30 പ്രകാരം)

തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് (രാവിലെ 11.30-നുള്ള കണക്ക് പ്രകാരം)

അപ്പോഴും ന്യൂനപക്ഷങ്ങൾക്ക് കരുത്തുള്ള മണ്ഡലങ്ങളിൽ പലതിലും ആം ആദ്മി പാർട്ടി മുന്നിലാണെന്നത് പാർട്ടിക്ക് നേട്ടം തന്നെയാണ്. ദില്ലിയിലെ പ്രധാനപ്പെട്ട ന്യൂനപക്ഷമണ്ഡലങ്ങൾ ഇവയാണ്: ബല്ലിമാരാൻ, മുസ്തഫാബാദ്, മാത്തിയ മഹൽ, ബാബർപൂർ, ചാന്ദ്‍നി ചൗക്ക്, സീലംപൂർ, ത്രിലോക് പുരി, റിഠാല, ഓഖ്‍ല.

മധ്യവർഗ, ഹിന്ദു ഭൂരിപക്ഷമേഖലയിൽ എങ്ങനെ?

ചില മധ്യവർഗ, ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയുടെ പക്കലുള്ള വോട്ടുകൾ വിള്ളലുണ്ടാക്കിയെന്നത് വ്യക്തം.

മോഡൽ ടൗണിൽ മുൻ ആം ആദ്മി പാർട്ടി മന്ത്രിയായ കപിൽ മിശ്ര മുന്നിലാണ്. ആം ആദ്മി പാർട്ടിയുടെ അഖിലേഷ് പതി ത്രിപാഠി പിന്നിലാണ്. 

ദ്വാരകയിൽ ബിജെപിയുടെ പ്രദ്യുമ്‍ന് രാജ്‍പുത് മുന്നിലാണ്. ആം ആദ്മി പാർട്ടിയുടെ വിനയ് മിശ്ര രണ്ടാം സ്ഥാനത്ത്. മുമ്പ് ആം ആദ്മി പാർട്ടിയിലായിരുന്ന, പാർട്ടി വിട്ട് കോൺഗ്രസിൽ പോയ ആദർശ് ശാസ്ത്രി മൂന്നാം സ്ഥാനത്ത്.

മോത്തി നഗറിൽ ബിജെപിയുടെ സുഭാസ് സച്ച്ദേവ മുന്നിൽ. ആം ആദ്മി പാർട്ടിയുടെ ശിവ് ചരൺ ഗോയൽ പിന്നിൽ. കാരാവൽ നഗറിൽ ബിജെപിയുടെ മോഹൻ സിംഗ് ബിഷ്ട് മുന്നിൽ.

കൃഷ്ണ നഗറിലാണ് കോൺഗ്രസ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഇവിടെ ബിജെപിയുടെ ഡോ. അനിൽ ഗോയലാണ് മുന്നിൽ. 

തെരഞ്ഞെടുപ്പ് വിശദാംശങ്ങളെല്ലാം കാണാം, തത്സമയം: