Asianet News MalayalamAsianet News Malayalam

ദില്ലിയിലെ വൻ അഗ്നിബാധ: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം

തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷവും ദില്ലി സർക്കാർ പത്ത് ലക്ഷവും സഹായധനം നൽകും.

delhi fire arvind kejriwal orders magisterial probe
Author
Delhi, First Published Dec 8, 2019, 3:07 PM IST

ദില്ലി: ദില്ലിയിൽ അനന്ത് ഗഞ്ചിലെ ഫാക്ടറിയിൽ തീപിടിച്ച് 43 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. മധ്യ ദില്ലിയിലെ റാണി ഝാൻസി റോഡിൽ ഇന്ന് പുലര്‍ച്ചെയാണ് ബാഗ് നിർമാണ ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായത്. സംഭവം ഭയാനകം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. 

രാവിലെ 5.22 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന് അഗ്നിശമന സേനാ വിഭാഗത്തിന്റെ 15 യൂണിറ്റുകൾ എത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞതും, ഇടിങ്ങിയതുമായ സാഹചര്യം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് എത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ചതും ശ്വാസം മുട്ടലുമാണ് മരണ കാരണം. സംഭവ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തീപിടുത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.

തീപിടുത്തം ഉണ്ടായ സമയത്ത് ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷവും ദില്ലി സർക്കാർ പത്ത് ലക്ഷവും സഹായധനം നൽകും. പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കും. സംഭവത്തിന് അന്വേഷണത്തിന് ദില്ലി സർക്കാർ ഉത്തരവിട്ടു. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി സംഭവസ്ഥലം സന്ദര്‍ശിച്ചു. ദില്ലി ആം ആദ്മി സർക്കാരിന്റെ പിടിപ്പ് കേടാണ് തീപിടുത്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ബിജെപി ആരോപിച്ചു.

Follow Us:
Download App:
  • android
  • ios