Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ ഭരണപ്രതിസന്ധി രൂക്ഷം, ഫയലുകള്‍ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാന്‍ കെജ്രിവാളിന്‍റെ നീക്കം

സാമൂഹികനീതി വകുപ്പ് മന്ത്രി രാജിവെച്ചത് ലെഫ്റ്റനൻറ് ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനായിട്ടില്ല.

delhi goverment in trouble,kejrival to approach court for permission to prepare files from Jail
Author
First Published Apr 11, 2024, 1:04 PM IST

ദില്ലി:ദില്ലിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു.  സാമൂഹികനീതി വകുപ്പ് മന്ത്രി രാജിവെച്ചത് ലെഫ്റ്റനന്‍റ്  ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനായില്ല. ഇതിനിടെ കെജ്രിവാളിന്‍റെ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം നീക്കിയതും എഎപിക്ക് തിരിച്ചടിയായി. ഫയലുകള്‍ തയ്യാറാക്കാൻ കോടതിയുടെ അനുമതി തേടാനാണ് കെജ്രിവാളിന്‍റെ നീക്കം

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിഹാർ ജയിലിലായി പത്ത് ദിവസമാകുമ്പോള്‍ ദില്ലിയില്‍ ഭരണ പ്രതിസന്ധി ഏറുകയാണ്. പതിന‍ഞ്ച് ദിവസത്തേക്കാണ് കെജ്രിവാളിനെ കോടതി ജു‍ഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.  മുഖ്യമന്ത്രി സ്ഥാനത്ത്  തുടരുകയാണെങ്കിലും തിഹാറില്‍ ഫയലുകള്‍ നോക്കാൻ കെജ്രിവാളിന് അനുമതിയില്ല.  അതിനാല്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജി വെച്ചതും വകുപ്പുകള്‍ ഇനി ആർക്ക് നല്‍കുമെന്നതും ലെഫ്റ്റനന്‍റ് ഗവർണറെ അറിയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസീന് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച കെജ്രിവാള് കോടതി ഇടപെടലിലൂടെ ഫയലുകള്‍ ജയിലില്‍ നിന്ന് അയക്കാൻ ശ്രമം നടത്തിയേക്കും.

ഇതിനിടെ കെജ്രിവാളിനെ ജയിലിൽ കാണാൻ അനുമതിയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറിയെ വിജിലൻസ് വിഭാഗം നീക്കിയതും എഎപിയിൽ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. നിയമനം ചട്ടവിരുദ്ധം എന്ന് ചൂണ്ടികാട്ടിയാണ് വൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം നീക്കിയത്. കെജ്രിവാളിന് വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വർധിപ്പിക്കുകയാണ്. മാർച്ച് 21ന് കെജ്രിവാള്‍ അറസ്റ്റിലായതിന് ശേഷമുള്ള സമരങ്ങളിൽ നിന്ന് ഭൂരിപക്ഷം എംപിമാരും വിട്ടു നില്‍ക്കുകയാണ്. 

അടുത്തിടെ ജയില്‍ മോചിതനായ സ‌ഞ്ജയ് സിങ്, സന്ദീപ് പാഠക്, എൻഡി ഗുപ്ത എന്നിവർ മാത്രമാണ് സമരങ്ങളിലുള്ളത്. പഞ്ചാബിലെ എംപിമാരായ ഹർഭജൻസിങ്,  അശോക് കുമാർ മിത്തൽ , സഞ്ജീവ് അറോറ, ബൽബീർ സിങ്, വിക്രംജിത്ത് സിങ് എന്നിവർ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. യുവ നേതാവും എംപിയുമായ രാഘവ് ഛദ്ദ കണ്ണിന് ശസ്ത്രക്രിയക്കായി ലണ്ടനിലും സഹോദരിക്ക് സുഖമില്ലെന്ന കാരണം ഉന്നയിച്ച് സ്വാതി മലിവാൾ അമേരിക്കയിലുമാണ്.

Follow Us:
Download App:
  • android
  • ios