ദില്ലി: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെ‌ട്ട കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ ജോബ് പോർട്ടൽ തയ്യാറാക്കി ദില്ലി സർക്കാർ. തൊഴിൽ അന്വേഷിക്കുന്നവർക്കും തൊഴിൽ ദാതാക്കൾക്കും ഉപയോ​ഗപ്പെടുന്ന രീതിയിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കി. കൂടാതെ ലോക്ക് ഡൗണിനെ തുടർന്ന് താഴേയ്ക്ക് പോയ സമ്പദ്‍വ്യവസ്ഥയെ ഉയർത്തെഴുന്നേൽപിക്കാനും സാധിക്കും. 

കുടിയേറ്റ തൊഴിലാളികളായ നിരവധി പേർക്ക് കൊവിഡ് പ്രതിസന്ധി മൂലം വിട്ടുപോകേണ്ടി വന്നിരുന്നു. ഇപ്പോൾ അവർ തിരികെയെത്തുന്ന സാഹചര്യമാണുള്ളത്. എന്നാൽ തൊഴിലാളികളെ ലഭിക്കാത്തത് മൂലം കടകളും വ്യവസായശാലകളും തുറന്ന് പ്രവർത്തിപ്പിക്കാൻ ഉടമകൾക്ക് സാധിക്കുന്നില്ല. തൊഴിൽ ഇല്ലാതായവർ പുതിയ ജോലി കണ്ടെത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തൊഴിൽ ദാതാക്കളെയും തൊഴിലന്വേഷികളെയും കൂട്ടിയിണക്കാൻ സഹായിക്കുന്നതാണ് ഈ ജോബ് പോർട്ടൽ എന്ന് കെജ്‍രിവാൾ വ്യക്തമാക്കുന്നു. 

വെബ് ഡിസൈനര്‍ മുതല്‍ ഹൗസ്‌കീപ്പിങ് വരെയുള്ള 32 വിഭാഗം ജോലികള്‍ കണ്ടെത്താനുള്ള അവസരം jobs.delhi.gov.in എന്ന പോര്‍ട്ടലില്‍ ഉണ്ട്. തൊഴിൽ മന്ത്രി ​ഗോപാൽ റായ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ എന്നിവർ ചേർന്നാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. സൗജന്യമായിട്ടാണ് ഈ പോർട്ടലിന്റെ പ്രവർത്തമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മൂലം വളരെയധികം കഷ്ടത അനുഭവിക്കുന്നവരാണ് തെരുവു കച്ചവടക്കാർ. അവർക്ക് അനുകൂലമായ തീരുമാനം വൈകാതെ സ്വീകരിക്കുമെന്നും കെജ്‍രിവാൾ വ്യക്തമാക്കി.