ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥി അഹമ്മദ് നജീബിന്‍റെ കേസ് അവസാനിപ്പിച്ചതിന് സിബിഐക്കെതിരെ നജീബിന്‍റെ ഉമ്മ ഫാത്തിമ നഫീസയ്ക്ക് പ്രൊട്ടസ്റ്റ് പെറ്റീഷന്‍(അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ തൃപ്തയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിയ്ക്കാനുള്ള അനുമതി) നല്‍കാമെന്ന് ദില്ലി ഹൈക്കോടതി. നജീബിന്‍റെ ഉമ്മയുടെ ആവശ്യത്തെ സിബിഐ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു. 

ഒരു കേസ് അവസാനിപ്പിക്കാനോ റദ്ദാക്കാനോ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയാല്‍ പരാതിക്കാരിക്ക് പ്രോട്ടസ്റ്റ് പെറ്റീഷന്‍ നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം പരാതിക്കാര്‍ക്ക് ഉറപ്പാക്കാനാണ് ഇത്തരമൊരു നിയമമെന്നും കോടതി നിരീക്ഷിച്ചു. സാക്ഷിമൊഴികളുടെ പകര്‍പ്പും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും സിബിഐ പരാതിക്കാരിക്ക് രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 

2018 ഒക്ടോബറിലാണ് നജീബ് അഹമ്മദിന്‍റെ തിരോധാന കേസ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സിബിഐ നടപടിയ്ക്കെതിരെ നജീബിന്‍റെ ഉമ്മ ഫാത്തിമ നഫീസ രംഗത്തുവന്നു. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസ് അവസാനിപ്പിയ്ക്കാന്‍ സിബിഐ തീരുമാനിച്ചതെന്ന് അവര്‍ ആരോപിച്ചു. 

ജെഎന്‍യുവിലെ എംഎസ് സി ബയോ ടെക്നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ 2016 ഒക്ടോബറിലാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും നജീബിനെ കണ്ടെത്താനായില്ല. സര്‍വകലാശാലയിലെ  വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നജീബിനോട് എതിര്‍പ്പുണ്ടായിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് നജീബിന്‍റെ തിരോധാനത്തിന് പിന്നിലെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. ഏകദേശം മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കേസ് അവസാനിപ്പിച്ചത്.