ദില്ലി: ഉത്തര്‍പ്രദേശില്‍ ഇരുപതുകാരി ബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവത്തില്‍ രാജ്‍പഥില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇതുവരെ 36 പേരെ കസ്റ്റഡിയില്‍ എടുത്തെന്ന് ദില്ലി പൊലീസ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്പഥില്‍ കനത്ത പൊലീസ് വിന്യാസമാണ് ഉള്ളത്. ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ദില്ലിയിലെ ആശുപത്രിക്ക് മുന്നിലായിരുന്നു ഭീം ആര്‍മി പ്രവര്‍ത്തകരുടെ സമരം. നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതികളെ തൂക്കിലേറ്റണമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ദലിത് പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടായിരുന്നെന്നും നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സെപ്റ്റംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. പുല്ല് പറിയ്ക്കാന്‍ പാടത്ത് പോയപ്പോഴാണ് കഴുത്തില്‍ ദുപ്പട്ട മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അലിഗഢിലെ ആശുപത്രിയിലിയാരുന്നു പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു.