കൊല്‍ക്കത്ത: കൊവിഡ് 19 ബാധിച്ച് പശ്ചിമബംഗാളില്‍ ഡെപ്യൂട്ടി മജിസ്ട്രേറ്റ് മരിച്ചു. പശ്ചിമ ബംഗാളില്‍ വൈറസ് ബാധയേ തുടര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥ മരിക്കുന്ന ആദ്യ സംഭവമാണ് ഇത്. തിങ്കളാഴ്ചയാണ് ഹൂഗ്ലി ജില്ലയിലെ ചന്ദന്‍നഗറിലെ  ഡെപ്യൂട്ടി മജിട്രേറ്റായ ഡെബ്ദത്ത റേ അന്തരിച്ചതെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സെരംപോറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു ഇവര്‍.  പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വ്വീസിലെ 2010 ബാച്ചുകാരിയാണ് 33 കാരിയായ ഡെബ്ദത്ത റേ. ലോക്ക്ഡൌണ്‍ കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയായിരുന്നു ഡെബ്ദത്ത റേ.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഡെബ്ദത്ത റേ സജീവമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഡെബ്ദത്ത റേയ്ക്ക് കൊവിഡ് പോസിറ്റീവായത്. ഇതിന് പിന്നാലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഡെബ്ദത്ത റേ. ഇന്നലെയാണ് കടുത്ത ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് സെരംപോറിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചത്.