കൊല്‍ക്കത്ത: നാടന്‍ പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് പ്രസ്താവനയുമായി പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. മുലപ്പാലിന് ശേഷം നാടന്‍പശുവിന്‍ പാല്‍ കുടിച്ചാണ് കുട്ടികള്‍ വളരുന്നത്. അതുകൊണ്ട് തന്നെ പശു നമ്മുടെ അമ്മയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. നാടൻ പശുക്കൾ മാത്രമാണ് നമ്മുടെ മാതാവെന്നും വിദേശ ഇനങ്ങളല്ലെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു. നാടന്‍ പശുക്കളുടെ മുതുകിലുള്ള മുഴയില്‍ സൂര്യ പ്രകാശം പതിക്കുമ്പോഴാണ് സ്വര്‍ണം ഉണ്ടാവുന്നതെന്നും ദിലീപ് ഘോഷ് പറയുന്നു. നാടന്‍ പശുവിന്‍ പാല്‍ കുടിച്ച് ഒരാള്‍ക്ക് ഉപജീവനം നടത്താമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. 

ബീഫ് കഴിക്കുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളാണ് പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്‍റ് നടത്തിയത്.  വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം വാരിക്കളയുന്നതില്‍ അഭിമാനിക്കുന്നവരാണ് വഴിയരികില്‍ നിന്ന് ബീഫ് കഴിക്കുന്നതെന്നാണ് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. സമൂഹത്തിലെ വിദ്യാസമ്പന്നരായ പല ആളുകളും വഴിയരികിൽ നിന്ന് ബീഫ് വാങ്ങിക്കഴിക്കുന്നവരാണ്. ബുദ്ധിജീവികളായ അവരോട്  നായയുടെ മാംസം കഴിക്കാനും ദിലീപ് ഘോഷ്  ആവശ്യപ്പെട്ടു. 

ഏത് മാംസവും നിങ്ങള്‍ക്ക് ഭക്ഷിക്കാം. പക്ഷേ അത് വീട്ടില്‍ വച്ച് മാത്രമായിരിക്കണം. പശു നമ്മുടെ അമ്മയാണ്. ഭാരതത്തില്‍ പശുവിനും കൃഷ്ണനുമുള്ള സ്ഥാനം എല്ലാക്കാലവും നില നില്‍ക്കുന്നതാണ്. മുലപ്പാലിന് ശേഷം നാടന്‍പശുവിന്‍ പാല്‍ കുടിച്ചാണ് കുട്ടികള്‍ വളരുന്നത്. അതുകൊണ്ട് തന്നെ പശു നമ്മുടെ അമ്മയാണ്. അമ്മയെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. 

നാടൻ പശുക്കൾ മാത്രമാണ് നമ്മുടെ മാതാവെന്നും വിദേശ ഇനങ്ങളല്ലെന്നും പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്ന് വിവാഹം കഴിച്ച പലരും ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് നടുവിലാണെന്ന പരിഹാസത്തോടെയായിരുന്നു പരാമർശം. ഇതാദ്യമായല്ല ബിജെപി നേതാവായ ദിലീപ് ഘോഷ് വിവാദങ്ങളിൽ പെടുന്നത്, നേരത്തെ കൊൽക്കത്തയിലെ പൊലീസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കി ഇദ്ദേഹം വാര്‍ത്തകളിൽ ഇടം നേടിയിരുന്നു.