പാക് ഭീകരാക്രമണങ്ങളെ നേരിടാൻ ഇന്ത്യൻ വ്യോമസേനയുടെ ആവനാഴി ഇന്ന് മുതൽ കൂടുതൽ സജ്ജമാണ്. ബോയിങ് കമ്പനിയുടെ എട്ട് പുതുപുത്തൻ അപ്പാഷെ അസോൾട്ട് ചോപ്പറുകളാണ് ഇന്ന് വ്യോമസേനയുടെ ഭാഗമായത്. പത്താൻ കോട്ട് വ്യോമസേനാസ്ഥാനത്ത് നടന്ന ചടങ്ങുകളിൽ എയർ ചീഫ് മാർഷൽ  ബി എസ് ധനോവയും പങ്കെടുത്തു.ആകെ  22 എണ്ണത്തിനാണ് സൈന്യം ഓർഡർ കൊടുത്തിരുന്നത്.  പത്താൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ കേന്ദ്രമാക്കിയായിരിക്കും ഈ 'ഹെവി ഡ്യൂട്ടി കോംബാറ്റ് ചോപ്പറു'കളുടെ ഓപ്പറേഷൻസ്.  വെസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ആർ  നമ്പ്യാരുടെ കാർമികത്വത്തിലാണ് ഈ പുതിയ പറക്കുംതുമ്പികളുടെ ഔപചാരികമായ ഇൻഡക്ഷൻ ചടങ്ങുകൾ നടന്നത്.  

 

ഈ അത്യാധുനിക അപ്പാഷെചോപ്പർ വ്യോമസേനയുടെ ആവനാഴിയിലെത്തുന്നതോടെ ഇന്ത്യൻ സൈന്യത്തിന്റെ ആത്മബലം ഇരട്ടിക്കുമെന്നാണ് പ്രതിരോധവിദഗ്ദ്ധരുടെ അഭിപ്രായം. അത്രയ്ക്ക് മാരകമാണ് ഈ ഹെലിക്കോപ്റ്ററുകളുടെ പ്രഹരശേഷി. ഏതുതരം മിഷനുകൾക്കും ചേരുന്ന രീതിയിലുള്ള ഒരു 'വേർസറ്റയിൽ ഡിസൈൻ ഫിലോസഫി'യാണ് അപ്പാഷെയുടേത്.  ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ, ഇൻഫ്രാറെഡ് സംവിധാനങ്ങൾ അപ്പാഷെയിലുണ്ട്.  എന്നുമാത്രമല്ല, ആകാശത്തുനിന്നും ഭൂമി ലക്ഷ്യമാക്കി കുതിച്ചുപായാൻ കരുത്തുള്ള 'ഹെൽഫയർ' മിസൈലുകളും, 70mm റോക്കറ്റുകളും ഒക്കെ ഘടിപ്പിക്കാനും തൊടുത്തുവിടാനുമാവും ഈ ചോപ്പറുകളിൽ നിന്നും. അതിനു പുറമെ ഓട്ടോമാറ്റിക് പീരങ്കികളും ഇതിൽ സജ്ജമാക്കാൻ സാധിക്കും. 

'ഹെൽ ഫയർ'  മിസൈൽ 

ഇന്ത്യ കാലങ്ങളായി 'അസോൾട്ട് ഓപ്പറേഷനു'കൾക്ക് ഉപയോഗിച്ചുകൊണ്ടിരുന്നത് റഷ്യൻ നിർമിത Mi-35 ചോപ്പറുകളാണ്. ഇവയെല്ലാം തന്നെ നിർമാതാക്കൾ ഉറപ്പുതരുന്ന ആയുസ്സും കഴിഞ്ഞ്, 'കണ്ടം' ചെയ്യേണ്ട അവസ്ഥയിലായിട്ട് വർഷം ഒരുപാടായിരുന്നു. ഒരു അസോൾട്ട് ചോപ്പർ എന്നൊക്കെ വിളിച്ചിരുന്നു എങ്കിലും Mi-35 വിജയകരമായി ഇന്ത്യൻ വ്യോമസേന 'ക്രൂ മൂവ്മെന്റി'ന് വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഈ ഇരട്ടപ്പൈലറ്റ് അപ്പാഷെകൾ വരുന്നതോടെ കളി മാറുമെന്നുതന്നെയാണ് വ്യോമസേനയിൽ ഓഫീസർമാർ പ്രതീക്ഷിക്കുന്നത്. 

ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഭാവി ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ട് വളരെ 'കസ്റ്റമൈസ്‌ഡ്‌' ആയിട്ടാണ് ഈ ചോപ്പറുകൾ ബോയിങ്ങ് അവരുടെ അരിസോണയിലെ ഫാക്ടറിയിൽ നിർമിച്ചിരിക്കുന്നത്. ശത്രുസങ്കേതങ്ങളോട് അധികം അടുക്കാതെ തന്നെ അവയുടെ ചിത്രങ്ങൾ എടുക്കാനും, എടുത്ത ചിത്രങ്ങൾ ബേസിലേക്ക് അയക്കാനും ഒക്കെയുള്ള കഴിവുണ്ട് ഈ കോപ്റ്ററുകൾക്ക്. ഉപഗ്രഹചിത്രങ്ങൾ സ്വീകരിക്കാനുള്ള സംവിധാനങ്ങളും ചോപ്പറിൽ സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെ ആയുധനിയന്ത്രണത്തിൽ റിമോട്ട് നെറ്റ്വർക്കിങ് സംവിധാനങ്ങൾ ചോപ്പറിലുള്ളത് ഭാവിയിലെ പോരാട്ടങ്ങളിൽ ഏറെ സാദ്ധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയുമുണ്ട്. 

ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്റർ

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം, 2015  സെപ്റ്റംബറിലാണ് 22  അപ്പാഷെ AH 64E അസോൾട്ട് ചോപ്പറുകൾക്കും, 15  ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾക്കും ചേർത്ത് 2.2 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ചത്. അപ്പാഷെ ചോപ്പറുകളുടെ ആദ്യസാമ്പിൾ കഴിഞ്ഞ മെയിൽ അരിസോണയിലെ ഫാക്ടറിയിൽ വച്ചുനടന്ന ചടങ്ങിൽ ഇന്ത്യക്ക് കൈമാറിയിരുന്നു.   അമേരിക്കൻ സൈന്യത്തിന് എണ്ണൂറിലധികം അപ്പാഷെ അസോൾട്ട് ചോപ്പറുകളുണ്ട്. ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും ഒക്കെ അമേരിക്കൻ ഓപ്പറേഷനുകൾക്ക് ശക്തി പകർന്നത് ഇതേ അപ്പാഷെകളാണ്. ഇസ്രായേൽ സൈന്യത്തിന്റെ കയ്യിലും നാല്പതിലധികം അപ്പാച്ചെകളുണ്ട്. 

'അമേരിക്കൻ സൈന്യത്തിന്റെ അപ്പാഷെകളുടെ ഒരു മാസ്സ് ലാൻഡിംഗ്' 

ഇന്ത്യയുടെ ഈ അപ്പാഷെ ഡീൽ ഒരു 'ഹൈബ്രിഡ് ഡീൽ' ആണ്. അതായത് അപ്പാഷെ ഹെലിക്കോപ്റ്റർ നമുക്ക് തരുന്നത് ബോയിങ്ങും, അതിനു വേണ്ട അത്യാധുനിക ആയുധങ്ങൾ, റഡാറുകൾ, ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവ അതിൽ ഘടിപ്പിക്കുന്നത് അമേരിക്കൻ ഗവണ്മെന്റുമാണ്.   

 

അപ്പാച്ചെ AH-64 E'യുടെ സാങ്കേതികമായ വിശദാംശങ്ങൾ താഴെ പറയും പ്രകാരമാണ്. 

നീളം : 58.17  അടി. 
ഉയരം : 15.24  അടി.
വിങ്ങ് സ്പാൻ : 17.15  അടി.
ഗ്രോസ് വെയ്റ്റ് : 6838  കിലോഗ്രാം. 
വെർട്ടിക്കൽ ക്ലൈംബ് റേറ്റ് : 2800 അടി/സെക്കൻഡ്,
പരമാവധി വേഗം : 279  കിമി/മണിക്കൂർ.