Asianet News MalayalamAsianet News Malayalam

Modi : ​ഗുരുവായൂ‍രടക്കം രാജ്യത്തെ പ്രധാനക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

അയോദ്ധ്യ, മഥുര എന്നിവയ്ക്കൊപ്പം കാശിയും ബിജെപിയും അടിസ്ഥാന അജണ്ടയിലുണ്ട്. കാശിയിൽ ഇപ്പോഴുള്ള മുഗൾ ഭരണകാലത്ത് പണിത പള്ളി അവിടെ നിന്ന് നീക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ കാശി ക്ഷേത്രത്തിന് ഈ മേഖലയിലെ പ്രധാന്യം വീണ്ടെടുത്തു എന്ന് നരേന്ദ്ര മോദിക്ക് അവകാശപ്പെടാം. 

development of important temples in the country including Guruvayur will be ensured says PM
Author
Kashi, First Published Dec 13, 2021, 6:16 PM IST

കാശി: ഗുരുവായൂരടക്കം (Guruvayoor Temple) രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi). കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലെ (Kashi Temple Corridor) പുതിയ ഇടനാഴി രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുമ്പോൾ ആണ് രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് മോദി പറഞ്ഞത്. പുണ്യനഗരങ്ങളുടെ വീണ്ടെടുക്കൽ എന്ന വാദം പ്രചാരണ വിഷയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കത്തിനിടെയാണ് കൂടുതൽ ക്ഷേത്രങ്ങൾ വികസിപ്പിക്കുമെന്ന മോദിയുടെ പ്രഖ്യാപനം

അഞ്ച് ലക്ഷം ചതുരശ്രഅടി വലിപ്പത്തിൽ നടപ്പാക്കുന്ന കാശി വിശ്വാനാഥക്ഷേത്രത്തിലെ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങ് വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിലേക്കുള്ള ചുവട് വയ്പ്പായിട്ടാണ് ബിജെപി കാണുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും കാശിവിശ്വനാഥ ഇടനാഴിയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി പാർട്ടി ഉയർത്തി കാണിക്കുന്നു. 

ഉദ്ഘാടനത്തിന് മുന്നോടിയായി വാരാണസിയിൽ നരേന്ദ്ര മോദി നടത്തിയ ഗംഗായാത്ര മറ്റൊരു യുപി യാത്രയുടെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷണകർ കാണുന്നത്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലേക്ക് മോദിയെ ഉയർത്തിയത് വാരാണസിയിൽ മത്സരിക്കാനുള്ള തീരുമാനമാണ്. കാശി വിശ്വനാഥ് ഇടനാഴി എന്ന ആശയം മോദി മുന്നോട്ടു വച്ചത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ്. പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയാകുന്നതെങ്കിലും ഗംഗ തീരത്തു നിന്ന് ഇടനാഴിയിലേക്ക് നടക്കാനുള്ള നാനൂറ് മീറ്റർ ദൂരം വികസനത്തിൻറെ വലിയ ഉദാഹരണമായി മോദി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടും. 

കാലഭൈരവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷമായിരുന്നു വാരാണസിയിൽ മോദിയുടെ നീക്കങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഗംഗാതീരത്തേക്ക് എത്തിയ മോദി ബോട്ടിൽ സഞ്ചരിച്ച് തീരത്ത് തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു. ചുവന്ന വസ്ത്രധാരിയായി പിന്നീട് ഗംഗാസ്നാനം. അതിന് ശേഷം വിശ്വനാഥ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്തു. വലിയ ആഘോഷമാക്കിയ ഉദ്ഘാടന ചടങ്ങിന് തന്നെയാണ് വാരാണസി സാക്ഷ്യം വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തിനിടയിലാണ് ഗുരുവായൂര്‍ അടക്കമുള്ള രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. വാരാണസിയിലെ നിര്‍മ്മാണ പ്രവര്‍ത്തകരെ പൂക്കൾ വിതറി മോദി അഭിനന്ദിച്ചു, നാളെ ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരിക്കും ദില്ലിയിലേക്കുള്ള മോദിയുടെ മടക്കം.

അയോദ്ധ്യ, മഥുര എന്നിവയ്ക്കൊപ്പം കാശിയും ബിജെപിയും അടിസ്ഥാന അജണ്ടയിലുണ്ട്. കാശിയിൽ ഇപ്പോഴുള്ള മുഗൾ ഭരണകാലത്ത് പണിത പള്ളി അവിടെ നിന്ന് നീക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ കാശി ക്ഷേത്രത്തിന് ഈ മേഖലയിലെ പ്രധാന്യം വീണ്ടെടുത്തു എന്ന് നരേന്ദ്ര മോദിക്ക് അവകാശപ്പെടാം. നിർമ്മാണത്തിൻറെ ഓരോ ഘട്ടത്തിലും ഇടനാഴിക്ക് മോദിയുടെ നേരിട്ടുള്ള നിരീക്ഷണമുണ്ടായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മോദി തറക്കല്ലിട്ടതിന് തുല്യമായ കാഴ്ചകളാണ് കാശിയിൽ നിന്നും പുറത്തു വന്നത്. 

ഹിന്ദുത്വ മുഖമായി  വീണ്ടും നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടുന്ന കാഴ്ചകൾ. യോഗി ആദിത്യനാഥാവും സംസ്ഥാനത്തെ മുഖമെങ്കിലും പ്രചാരണത്തിന് മോദി തന്നെ നേതൃത്വം നല്കും എന്നും കാശിയിലെ കാഴ്ച തെളിയിക്കുന്നു.  ഉത്തർപ്രദേശിൽ രണ്ടായിരത്തി പതിനേഴിലെ സാഹചര്യം അല്ല ഇപ്പോൾ എന്നാണ് എല്ലാ സർവ്വെകളും പറയുന്നത്. ജാതിസമവാക്യങ്ങൾക്കു മേലെ ഹിന്ദുവോട്ടുകളുടെ ഏകീകരണം കൂടി കാശിയിൽ ഇന്നു കണ്ട കാഴ്ചകളുടെ ലക്ഷ്യമാണ്. 

Follow Us:
Download App:
  • android
  • ios