തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.  ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും ഡിജിപി റഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയപോലെ ബെഹ്റ പെരുമാറുന്നെന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ടാണ് ബെഹ്റ സര്‍ക്കാരിന് കത്ത് നല്‍കിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡിജിപിയെ വിമർശിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പെരുമാറുന്നു . ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകള്‍ തട്ടിയെടുക്കാൻ ഡിജിപി സഹായം നൽകുന്നവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ട്  ബെഹ്റ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ കത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയ പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം സുധീരന്‍, കെ സി ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി, യുവ നേതാക്കളടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേസെടുത്താല്‍ നിയമപരമായി നേരിടുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കേസെടുക്കാനുള്ള നീക്കം തികച്ചും പ്രതിഷേധാര്‍ഹമെന്നായിരുന്നു എ കെ ആന്‍റണിയുടെ വിമര്‍ശനം. 

 സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചശേഷം നിയമനടപടി സ്വീകരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇപ്പോള്‍ ഡിജിപിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുല്ലപ്പള്ളിക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.