ധര്‍മസ്ഥലയില്‍ നാടകീയ വെളിപ്പെടുത്തല്‍. മകളെ കാണാനില്ലെന്ന തന്‍റെ പരാതി വ്യാജമെന്ന് സുജാത ഭട്ട്. ഭീഷണിക്ക് വഴങ്ങിയാണ് വ്യാജ പരാതി ഉന്നയിച്ചതെന്നും അവര്‍ പറഞ്ഞു. 

ബെംഗളൂരു: ധ‌ർമ്മസ്ഥല തിരോധാന കേസിൽ വഴിത്തിരിവ്. 2003ല്‍ മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. പുതിയ വെളിപ്പെടുത്തലിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. സുജാതയുടെ വീട്ടിന് മുന്നിൽ ആൾക്കൂട്ടം തടിച്ചുകൂടി. പ്രതികരണം തേടി എത്തിയ മാധ്യമപ്രവർത്തകരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. അതേസമയം, ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.

2003-ൽ തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15-നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ, പരാതി എസ്ഐടിക്ക് കൈമാറിയിരുന്നു. എസ്ഐടി അന്വേഷണം ആരംഭിച്ചപ്പോഴാണ് താൻ പറഞ്ഞ കഥ വ്യാജമാണെന്നും സ്വത്ത് പ്രശ്‌നം കാരണം ആക്ടിവിസ്റ്റുകൾ മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നും ഇവർ ആരോപിച്ചു. അനന്യ ഭട്ട് എന്നൊരു മകൾ തനിക്കില്ലെന്ന് ഇവർ യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തി. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്നിവർ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി ജയന്തി എന്നിവരാണ് വ്യാജ കഥ കെട്ടിച്ചമയ്ക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നും ഇവർ വെളിപ്പെടുത്തി. ധർമസ്ഥലയോട് ചേർന്ന വനമേഖലയിൽ നിരവധിപേരെ സംസ്കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം വിവാദമായത്.

ചിലർ എന്നോട് മകളെ കാണാതായ കഥ പറയാൻ പറഞ്ഞു. സ്വത്ത് പ്രശ്നം കൊണ്ടാണ് എന്നോട് ഇങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്. ധർമ്മസ്ഥല ക്ഷേത്ര അധികാരികളുടെ കൈവശം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന സ്വത്ത് മുത്തച്ഛന്റെ ഉടമസ്ഥതയിലായിരുന്നു. ആരും എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ആരോടും പണം ചോദിച്ചിട്ടുമില്ല. എന്റെ ഒപ്പില്ലാതെ എന്റെ മുത്തച്ഛന്റെ സ്വത്ത് എങ്ങനെ വിട്ടുകൊടുത്തു എന്നതായിരുന്നു ഞാൻ ചോദ്യം ചെയ്തത്. അതാണ് ഞാൻ ചോദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക ലക്ഷ്യത്തോടെയല്ല താൻ ഇങ്ങനെ ചെയ്തത്. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി, ധർമ്മസ്ഥലയിലെ ഭക്തർക്ക് വേണ്ടി, ഈ സംസ്ഥാനത്തെ ജനങ്ങളോടും മുഴുവൻ രാജ്യത്തോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.

ഈ ആഴ്ച ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായിരുന്നു അവരുടെ പുതിയ മൊഴികൾ. 2003 മെയ് മാസത്തിൽ ധർമ്മസ്ഥല സന്ദർശനത്തിനിടെ 18 വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിനിയായ തന്റെ മകൾ അനന്യയെ കാണാതായതായി സുജാത ആദ്യ പരാതിയിൽ ആരോപിച്ചു. അനന്യയുടെ സുഹൃത്തുക്കൾ ഷോപ്പിംഗിന് പോയപ്പോൾ, ക്ഷേത്രപരിസരത്ത് അനന്യ നിന്നുവെന്ന് അവർ പറഞ്ഞു. പിന്നീട് മകളെ കാണാതായെന്നും അവർ പറഞ്ഞു. മകളുടെ തിരോധാനത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ചപ്പോൾ തന്നെ തട്ടിക്കൊണ്ടുപോയി തടഞ്ഞുനിർത്തി, ധർമ്മസ്ഥലയിലേക്ക് മടങ്ങുകയോ ആരുമായും ഇക്കാര്യം ചർച്ച ചെയ്യുകയോ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും സുജാത ആരോപിച്ചിരുന്നു.