ദില്ലി: കര്‍ഷക പ്രക്ഷോഭം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് ആരംഭിക്കും. രാജസ്ഥാനിലെ സാഹ്ജൻപ്പൂരിൽ നിന്ന് 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിക്കുക. ട്രാക്ടറുകളുമായി രാജസ്ഥാനിലെയും ഹരിയാനയിലെയും യുപിയിലെയും കര്‍ഷകരാണ് എത്തുന്നത്. രാജസ്ഥാനിൽ നിന്ന് പുറപ്പെടുന്ന മാര്‍ച്ച് അതിര്‍ത്തിയിൽ തടയാനാണ് ഹരിയാന പൊലീസിന്‍റെ തീരുമാനം. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികൾക്ക് പുറമെ ജയ്പൂര്‍-ആഗ്ര പാതകളിൽ കൂടി കര്‍ഷകര്‍ എത്തുന്നതോടെ ദില്ലിയിലേക്കുള്ള എല്ലാ പ്രധാനപാതകളിലൂടെയുള്ള ഗതാഗതവും സ്തംഭിക്കും. ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെടും. നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാചര്യത്തിലാണ് കര്‍ഷകര്‍ സമരം കടുപ്പിക്കുന്നത്.

കർഷക സമരത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വളർത്തു മൃഗങ്ങളുമായി രാജസ്ഥാനിൽ നിന്നുള്ള കർഷകർ ദില്ലിയിലേക്ക് നീങ്ങുകയാണ്. പശുക്കളും കാളകളും ഉൾപ്പെടെ നൂറുകണക്കിന് കന്നുകാലികളെയും തെളിച്ച് കർഷകർ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകരാണ് ആദ്യഘട്ടത്തിൽ സമരത്തിന്‍റെ മുൻനിരയിലുണ്ടാ‍യിരുന്നത്. എന്നാൽ, 17 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് കർഷക സംഘടനകളുടെ നീക്കം. 

അതിനിടെ സമരം രണ്ടു ദിവസത്തിനുള്ളിൽ ഒത്തു തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗട്ടാലയുടെ പ്രതികരണം. കർഷകർക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗട്ടാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.