ദില്ലി: സമരത്തിന് കാരണമായ വിവാദ നിയമങ്ങൾ പിൻവലിക്കുമോ എന്നതിൽ സർക്കാർ വ്യക്തമായ നിലപാട് പറയണമെന്ന് കർഷക സംഘടനകൾ കേന്ദ്രസർക്കാരുമായുള്ള യോഗത്തിൽ ഇന്നും ആവർത്തിച്ചു. കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാദിച്ചുവെങ്കിലും നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് കർഷക സംഘടനകൾ പറഞ്ഞു.

ഇക്കാര്യത്തിൽ നിലപാട് പിന്നീട് അറിയിക്കാമെന്ന്  കേന്ദ്രസർക്കാർ പറഞ്ഞു. ഇതേ തുടർന്ന്  ചർച്ച അൽപസമയത്തേക്ക് നിർത്തിവെച്ചു. കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം കേന്ദ്രസർക്കാർ എഴുതി നൽകി. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട്  വ്യക്തമാക്കണമെന്നും യോഗത്തിൽ സംഘടനകൾ ആവശ്യപ്പെട്ടു.

ഇതോടെയാണ് കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങൾ രേഖാമൂലം സർക്കാർ കർഷകർക്ക് നൽകിയത്. കേന്ദ്രസർക്കാർ അംഗീകരിച്ച കർഷകരുടെ ആവശ്യങ്ങളാണ് എഴുതി നൽകിയത്. പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമായി നടന്ന ചർച്ചയിലെ എന്ത് നിലപാടാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്ന് യോഗത്തിൽ അറിയിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി ആവശ്യപ്പെട്ടു. അതിനിടെ കേന്ദ്രസർക്കാരിനെതിരായ സമരവുമായി മധ്യപ്രദേശിൽ നിന്നുള്ള കർഷകർ ദില്ലി - ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പൽവലിലാണ് ഉപരോധം. ദില്ലിക്ക് തിരിച്ച മറ്റൊരു സംഘം കർഷകരെ ഉത്തർപ്രദേശ് പൊലീസ് മഥുരയിൽ തടഞ്ഞു.