ദില്ലി: പൗരത്വ നിയമ ഭേദഗതി നിലപാടില്‍ മാറ്റമില്ലെന്ന് എന്‍ഡിഎ കക്ഷിയായ ശിരോമണി അകാലിദള്‍. ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അകാലിദള്‍ നേതൃത്വം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി നിലപാടില്‍ പാര്‍ട്ടി മാറ്റം വരുത്തിയാല്‍ ദില്ലിയില്‍ അകാലിദളിന് ബിജെപി സീറ്റ് വാഗ്ദാനം നല്‍കിയിരുന്നു.

ബിജെപിയും അകാലിദളും തമ്മില്‍ പഴയകാല ബന്ധമാണ്. സുഖ്ബീര്‍ ബാദല്‍ സിഎഎയെ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമാണെന്നാണത്. ആ നിലപാടില്‍ മാറ്റം വരുത്തി ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല-അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കരുതെന്ന് അകാലിദള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎയെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. പക്ഷേ എല്ലാ മതവിഭാഗങ്ങളെയും ഉള്‍പ്പെടുത്തണം. ഇന്ത്യ മഹത്തായ രാജ്യമാണ്. വര്‍ഗീയതക്ക് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച് ബിജെപി നിലപാട് വ്യക്തമാക്കിയിട്ടില്ല.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്ന് ശിരോമണി അകാലിദളിനെ കാണാനില്ലെന്ന് മാത്രമാണ് ബിജെപി നേതാക്കളായ മനോജ് തിവാരിയും പ്രകാശ് ജാഡവേക്കറും പറഞ്ഞത്. പ‌ഞ്ചാബ് നിയമസഭ സിഎഎക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെയും അകാലിദള്‍ പിന്തുണച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.