പ്രളയ ജലത്തോടൊപ്പം ഒഴുകിയെത്തുന്ന മീനുകൾ ഡ്രെയിനേജ് മാലിന്യങ്ങൾ, അഴുകിയ മൃതദേഹങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവയുമായി തുടർച്ചയായി സമ്പർക്കത്തിൽ വരുന്നവയാണ്. ഇവയിൽ രോഗാണുക്കൾ വൻതോതിൽ അടങ്ങിയിട്ടുണ്ടാകുമെന്ന് ബിഹാർ ഡയറി, ഫിഷറീസ് ആൻഡ് അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പ് നൽകി
പട്ന: നേപ്പാളിലെ പ്രളയത്തിന് പിന്നാലെ ബിഹാറിലെ നദികളിലേക്ക് അജ്ഞാത മത്സ്യങ്ങൾ ഒഴുകിയെത്തുന്നു. തൃശൂലി നദിയിലൂടെ ബിഹാറിലെ ഗണ്ഡക്, കോസി നദികളിലേക്ക് ഒഴുകിയെത്തിയ മീനുകൾ കഴിക്കുന്നത് ജീവന് ഭീഷണിയാണെന്നാണ് ബിഹാർ സർക്കാരിന്‍റെ മുന്നറിയിപ്പ്. വടക്കൻ ബിഹാറിലെ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ മുൻപ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള അപൂർവ്വയിനം കൂറ്റൻ മീനുകൾ പ്രദേശത്ത് വൻതോതിൽ എത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെ പിടികൂടി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യവും രോഗബാധയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അജ്ഞാത മീനുകളെ പിടിക്കാനോ വിൽക്കാനോ കഴിക്കാനോ പാടില്ലെന്ന് സർക്കാർ കർശന നിർദേശം നൽകിയത്.
പ്രളയ ജലത്തോടൊപ്പം ഒഴുകിയെത്തുന്ന ഈ മീനുകൾ ഡ്രെയിനേജ് മാലിന്യങ്ങൾ, അഴുകിയ മൃതദേഹങ്ങൾ, മാലിന്യങ്ങൾ എന്നിവയുമായി തുടർച്ചയായി സമ്പർക്കത്തിൽ വരുന്നവയാണ്. ഇവയിൽ രോഗാണുക്കൾ വൻതോതിൽ അടങ്ങിയിട്ടുണ്ടാകുമെന്ന് ബിഹാർ ഡയറി, ഫിഷറീസ് ആൻഡ് അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പ് നൽകി. നേപ്പാൾ പൊലീസും സമാനമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാഹചര്യം മാറി പരിസ്ഥിതി പൂർവ്വ സ്ഥിതിയിലാകുന്നതു വരെ ഇത്തരത്തിലുള്ള മീനുകൾ ഭക്ഷിക്കരുതെന്നാണ് ഔദ്യോഗിക നിർദേശം. മീനുകൾ കഴിച്ച് ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. കൂടാതെ, വൻതോതിലോ അപൂർവ്വമായോ മീനുകളെ കണ്ടാൽ വിവരം ഉടൻ തന്നെ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കണമെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
നേപ്പാളിലെ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടൽ കാരണം വൻതോതിലുള്ള ചെളിയും കല്ലും മരത്തടികളും മാലിന്യങ്ങളുമാണ് നദികളിലൂടെ ഒഴുകിയെത്തിയത്. ഇതിനുപുറമേ തകർന്ന പാലങ്ങൾ, ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളുടെ അവശിഷ്ടങ്ങൾ, വാഹനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവയോടൊപ്പം മൃതദേഹങ്ങളും ഒഴുകിയെത്തുന്നു.ഇതെല്ലാം ജലസ്രോതസ്സുകളിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മലിനമായ ഈ പ്രളയജലം കിണറുകളിലും കുഴൽക്കിണറുകളിലും കലരുന്നത് കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ ജലജന്യരോഗങ്ങൾ അതിവേഗം പടരാൻ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
