ബംഗളൂരു: വീടിന് മുന്നിൽ നിന്ന് കുരച്ച തെരുവുനായക്ക് നേരെ വെടിയുതിർത്ത ഡോക്ടർ അറസ്റ്റിൽ. ബംഗളൂരു ജയനഗര്‍ അഞ്ചാം ബ്ലോക്കില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ജയനഗര്‍ സ്വദേശി ഡോ. സി ശ്യാം സുന്ദര്‍ ആണ് അറസ്റ്റിലായത്. 

വീടിന് മുന്നില്‍ നായ നിര്‍ത്താതെ കുരച്ചതോടെയാണ് വെടിവച്ചതെന്ന് ശ്യാം സുന്ദർ പൊലീസിനോട് പറഞ്ഞു. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. വഴിയരികില്‍ ചോരവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന നായയെ പ്രദേശവാസികൾ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നായയുടെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകൾ കണ്ടെത്തി. വെടിയുണ്ടകള്‍ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സൗമ്യ റെഡ്ഡി എംഎല്‍എ ആവശ്യപ്പെട്ടതോടെയാണ് ശ്യാം സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.