ദില്ലി: ഉന്നാവോ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ പെൺകുട്ടി കാറപകടത്തിൽപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി എംപി. നിങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ''പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി ഒരു പുതിയ പാഠം. ബിജെപി എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചാല്‍ ചോദ്യം ചെയ്യരുത്'' - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. എംഎൽഎയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റുഎട്ട് പേർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വാഹനാപകടക്കേസ് സിബിഐയ്ക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് നേരത്തേ ലഖ്‍നൗ ഡിഐജി വ്യക്തമാക്കിയിരുന്നു. സിബിഐ ഉദ്യോഗസ്ഥർ ഉന്നാവോയിലെത്തി, പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. കേസ് ഉടൻ സിബിഐ ഏറ്റെടുത്തേക്കും. ഉന്നാവോയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതിനോട് അനുബന്ധ കേസായിത്തന്നെ വാഹനാപകടക്കേസും അന്വേഷിക്കുമെന്നാണ് വിവരം. 

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിക്കുന്നു. അതേസമയം, പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകൻ അതീവ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂർ പിന്നിട്ടാലേ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും പറയാനാകൂവെന്ന് ഡോക്ടർമാർ പറയുന്നു. ഇന്നലെ വൈകിട്ടോടെ റായ്‍ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു.