ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ച പ്രൊഫസർ ജി. മാധവി ലത, തനിക്ക് അനാവശ്യമായ പ്രശസ്തി വേണ്ടെന്ന് അഭ്യർത്ഥിച്ചു. 

മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്. ഈ മഹത്തായ നേട്ടം രാജ്യം ആഘോഷിക്കുമ്പോൾ, പാലത്തിൻന്റെ നിർമ്മാണത്തിൽ 17 വർഷത്തോളം നിർണായക സംഭാവനകൾ നൽകിയ പ്രൊഫസർ ജി. മാധവി ലത കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. പാലത്തിന് പിന്നിൽ പ്രവര്‍ത്തിച്ച ആയിരക്കണക്കിന് "അജ്ഞാത നായകരെ" അനുസ്മരിച്ച അവര്‍, തനിക്ക് അനാവശ്യമായി പ്രശസ്തിയും വിശേഷണവും നൽകരുതെന്നും അഭ്യർത്ഥിക്കുകയാണ് അവര്‍. ചെനാബ് പാലത്തിന്റെ എല്ലാ പ്രശസ്തിയും ഇന്ത്യൻ റെയിൽവേയ്‌ക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.

പലരും അസാധ്യമെന്ന് വിളിച്ച ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് ഇന്ത്യൻ റെയിൽവേയെയും അഫ്കോൺസിനെയും അവർ അഭിനന്ദിച്ചു. ലക്ഷക്കണക്കിന് അജ്ഞാത നായകരെ ഞാൻ സല്യൂട്ട് ചെയ്യുന്നു. പാലം നിർമ്മിച്ച എഞ്ചിനീയറിംഗ് സ്ഥാപനമായ അഫ്കോൺസിന്റെ ജിയോടെക്നിക്കൽ കൺസൾട്ടന്റായിരുന്ന ഡോ. ലത പറഞ്ഞു. ചെരിവുകളിലെ മണ്ണിനെ ഉറപ്പിക്കുന്നതിനും അടിത്തറയുടെ രൂപകൽപ്പനയ്ക്കും സഹായിക്കുക എന്നതായിരുന്നു എന്റെ പങ്ക്.ദൗത്യത്തിന് പിന്നിലെ വനിത, പാലം നിർമ്മിക്കാൻ അത്ഭുതങ്ങൾ പ്രവർത്തിച്ചയാൾ എന്നെല്ലാം തന്നെ വിശേഷിപ്പിക്കുന്ന തലക്കെട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഉദ്ഘാടനത്തിന് ശേഷം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച സന്ദേശത്തിൽ അവർ കൂട്ടിച്ചേർത്തു. ദയവായി എന്നെ അനാവശ്യമായി പ്രശസ്തയാക്കരുത്, അവർ അഭ്യർത്ഥിച്ചു. ചെനാബ് പാലത്തിന് അഭിനന്ദനം അർഹിക്കുന്ന ആയിരങ്ങളിൽ ഒരാൾ മാത്രമാണ് ഞാനെന്നും ഡോ. ലത പറഞ്ഞു.

അഭിനന്ദന സന്ദേശങ്ങൾ അയച്ച എല്ലാവർക്കും അവര്‍ നന്ദി പറഞ്ഞു. തന്റെ പെൺമക്കൾ എന്നെപ്പോലെ ആകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് നിരവധി മാതാപിതാക്കൾ എനിക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ് തങ്ങളുടെ കരിയറായി തെരഞ്ഞെടുക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞും നിരവധി കുട്ടികൾ എനിക്ക് എഴുതുന്നു. ഇത് കേൾക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നു എന്നും അവർ പറഞ്ഞു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ബെംഗളൂരുവിലെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് (HAG) പ്രൊഫസറായ ഡോ. ജി. മാധവി ലത, ഒരു പ്രമുഖ ജിയോടെക്നിക്കൽ എഞ്ചിനീയറാണ്. ഉധംപൂർ-ശ്രീനഗർ-ബരാമുള്ള റെയിൽവേ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമായ ചെനാബ് പാലത്തിൻ്റെ നിർമ്മാണം, ദുർഘടമായ ഭൂപ്രദേശം, ഭൂകമ്പ സാധ്യതകൾ, പ്രവചനാതീതമായ ഭൂമിശാസ്ത്രപരമായ ഘടന എന്നിവ കാരണം കാര്യമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ഡോ. ലതയും അവരുടെ ടീമും "ഡിസൈൻ-ആസ്-യു-ഗോ" സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ എന്ന സമീപനം സ്വീകരിച്ചുകൊണ്ട് ഈ സങ്കീർണ്ണതകളെ അതിജീവിക്കാൻ സഹായിച്ചു. നിലവിൽ സ്പെയിനിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയാണ് മാധവി ലത.