ദില്ലി: കള്ളപ്പണ കേസിൽ ഡികെ ശിവകുമാറിന്റെ ജാമ്യം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച എൻഫോഴ്സ്മെന്റ് വിഭാഗം നാണംകെട്ട് മടങ്ങി. പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ സമർപ്പിച്ച വാദങ്ങൾ തന്നെയാണ് ഈ അപ്പീൽ ഹർജിയിൽ എൻഫോഴ്സ്മെന്റ് ഉന്നയിച്ചത്. വള്ളിപ്പുള്ളി തെറ്റാതെ സമർപ്പിച്ച ഹർജി കണ്ട്, ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി രണ്ടംഗ ബെഞ്ച് തിരിച്ചടിച്ചു. ജാമ്യാപേക്ഷ കോടതി തള്ളി.

ജസ്റ്റിസുമാരായ ആർഎഫ് നരിമാനും എസ് രവീന്ദ്ര ഭട്ടും ഉൾപ്പെട്ടതായിരുന്നു ഡിവിഷൻ ബെഞ്ച്. ഡികെ ശിവകുമാർ തനിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി, ഇതിൽ ആദായ നികുതി വകുപ്പിന് നോട്ടീസയച്ചു.

കോൺഗ്രസ് നേതാവായ ഡികെ ശിവകുമാർ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഹർജിയിൽ ഉന്നയിച്ചത്. ഹർജി പരിഗണിച്ച കോടതിക്ക് അതിലുന്നയിച്ച വാദങ്ങൾ തന്നെയാണ് നേരത്തെ ചിദംബരത്തിന് എതിരെയും ഉന്നയിച്ചതെന്ന് വ്യക്തമായി. ഒരു മാറ്റവും ഇല്ലാതെ സമർപ്പിച്ച ഹർജി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞാണ് ഹർജി തള്ളിയത്.