''ഉത്തര്‍പ്രദേശ് എനിക്ക് വിലമതിക്കാനാകാത്ത സംതൃപ്തിയാണ് തന്നത്. ഒരിക്കല്‍ രാജ്യത്തിന്റെ വികസനത്തിന്റെ തടസ്സമായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ വന്‍ വികസനത്തിന്റെ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി മാറി''. 

അലിഗഢ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരട്ട എന്‍ജിന്‍ സര്‍ക്കാറിന്റെ ഡബിള്‍ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഉത്തര്‍പ്രദേശെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ. അലിഗഢിലെ രാജ മഹേന്ദ്ര പ്രതാപ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉത്തര്‍പ്രദേശ് എനിക്ക് വിലമതിക്കാനാകാത്ത സംതൃപ്തിയാണ് തന്നത്. ഒരിക്കല്‍ രാജ്യത്തിന്റെ വികസനത്തിന്റെ തടസ്സമായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ വന്‍ വികസനത്തിന്റെ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി മാറി. രാജ്യത്തെയും വിദേശത്തെയും നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി യുപി മാറി. അതിന് അനുയോജ്യമായ പരിതസ്ഥിതിയുണ്ടായതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറിന്റെ ഡബിള്‍ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഇപ്പോള്‍ യുപിയെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

പ്രതിപക്ഷ പാര്‍ട്ടികളെയും മോദി വിമര്‍ശിച്ചു. ഗുണ്ടകളും മാഫിയകളും ഭരിക്കുന്ന ഒരുകാലം യുപിക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജാട്ട് സമുദായ നേതാവ് രാജാ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് അലിഗഢില്‍ പുതിയ സര്‍വകലാശാല നിര്‍മിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona