Asianet News MalayalamAsianet News Malayalam

ഇന്ത്യ അടിയന്തരമായി ലോക്ക്ഡൗണിലേക്ക് കടക്കണം, അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ഫൗച്ചി

പണക്കാരനെന്നോ എന്നോ പാവപ്പെട്ടവനെന്നോ ഉള്ള ഭേദമില്ലാതെയാണ് കൊറോണ വൈറസിന് ബാധിക്കുന്നത്  എന്ന് ഡോ. ഫൗച്ചി പറഞ്ഞു.

Dr. Fauchi American health expert advises india to enter lockdown asap
Author
Delhi, First Published May 1, 2021, 12:39 PM IST

ലോക്ക് ഡൌൺ നമുക്കാർക്കും ഇഷ്ടമുള്ള ഒരു പരിപാടിയല്ല. എന്നാൽ അടുത്ത കുറച്ചാഴ്ചകൾ എങ്കിലും രാജ്യം പൂർണമായ ലോക്ക് ഡൗണിലേക്ക് പോയാൽ മാത്രമേ കൊവിഡിന്റെ അതിതീവ്രമായ ഈ രണ്ടാം വരവിനെ തടുത്തുനിർത്താൻ നമുക്കാവൂ എന്ന് സുപ്രസിദ്ധ അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ഡോക്ടർ ആന്റണി ഫൗച്ചി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഡോ. ഫൗച്ചി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കൊവിഡ് സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ അത് അടിയന്തര, ഇടക്കാല, ദീർഘകാല നടപടികൾ സത്വരമായി കൈക്കൊള്ളാൻ വേണ്ട സമയം രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് നൽകും എന്നും അദ്ദേഹം പറഞ്ഞു. 

ബൈഡൻ അഡ്മിനിസ്‌ട്രേഷന്റെ ചീഫ് മെഡിക്കൽ അഡ്വൈസർ ആണ് ഡോ. ഫൗച്ചി. ഇതിനു മുമ്പുള്ള ഏഴു പ്രസിഡന്റുമാർക്കും ഉപദേശം നൽകിയ സുദീർഘകാലത്തെ പ്രവൃത്തി പരിചയവും അദ്ദേഹത്തിന് ആരോഗ്യ രംഗത്തുണ്ട്. ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിന് ഇപ്പോൾ ആവശ്യമുള്ളത് കാര്യക്ഷമമായ ഒരു കേന്ദ്രീകൃത നിയന്ത്രണ സമിതിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. മരണാസന്നരായ അവരുടെ ഉറ്റ ബന്ധുക്കൾക്ക് വേണ്ടി ഓക്സിജൻ സിലിണ്ടറുകൾ തേടി തെരുവിൽ ജനങ്ങൾ പരിഭ്രാന്തരായി പരക്കം പായുന്ന കാഴ്ച സിഎൻഎൻ വഴി താൻ കണ്ടു എന്നും, അത് സൂചിപ്പിക്കുന്നത് നിലവിൽ കാര്യക്ഷമമായ ഒരു സമിതി നിലവിൽ ഇല്ല എന്നാണ് എന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ വിതരണവും, മരുന്നുകളും പിപിഇ കിറ്റുകളും വാക്സീനും അടക്കമുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്താൻ വേണ്ടി  ലോകാരോഗ്യ സംഘടനയുടെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും സഹായത്തോടെ ഒരു എമർജൻസി ഗ്രൂപ്പ് ഉണ്ടാക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

ചൈന പ്രതിസന്ധിയെ നേരിട്ടപ്പോൾ ചെയ്ത പോലെ താത്കാലിക എമർജൻസി യൂണിറ്റുകൾ നിർമ്മിക്കുന്നതിനെപ്പറ്റിയും ഇന്ത്യക്ക് ചിന്തിക്കാവുന്നതാണ് എന്ന് ഡോ. ഫൗച്ചി പറഞ്ഞു. ഈ യൂണിറ്റുകൾ വിദൂര സ്ഥലങ്ങളിൽ ആശുപത്രികൾ പോലെ പ്രവർത്തിക്കാൻ സജ്ജമാക്കാവുന്നതാണ്. കൊവിഡ് ബാധിതരായ ആയിരങ്ങൾ ചികിത്സിക്കാൻ ഇടമില്ലാതെ തെരുവിൽ കഴിയുമ്പോൾ അത്യാവശ്യമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇത്തരത്തിലുള്ള എം മൊബൈൽ യൂണിറ്റുകൾ എന്നും ഡോ. ഫൗച്ചി പറഞ്ഞു. 

കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ സൈനിക ദളങ്ങളെയും ഫലപ്രദമായി നിയോഗിക്കാവുന്നതാണ് എന്ന് ഡോ. ഫൗച്ചി അഭിപ്രായപ്പെട്ടു. വാക്സീൻ വിതരണം, താത്കാലിക ആശുപത്രികളുടെ നിർമാണം തുടങ്ങി പലതിലും സൈന്യം പ്രയോജനപ്പെടും. ഇതും ഒരു യുദ്ധമാണ്. വൈറസാണ് നമ്മുടെ ശത്രു. യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ വേണം നമ്മുടെ കൊവിഡ് പോരാട്ടങ്ങൾ മുന്നോട്ടു നീക്കാൻ. 

വാക്സിനേഷൻ മറ്റൊരു പ്രധാന ലക്ഷ്യമാണ്. നിലവിൽ ഇന്ത്യയിലെ രണ്ടു ശതമാനം പേർ മാത്രമാണ് വാക്സിന്റെ സംരക്ഷണം നേടിയിട്ടുള്ളൂ. രണ്ടു വാക്സിനും എടുത്തവരുടെ എണ്ണമാണിത്. ഏഴു ശതമാനം പേർ ഒരു വാക്സിനെങ്കിലും എടുത്തവരാണ്. അമേരിക്കയിലെതുമായി താരതമ്യം ചെയ്‌താൽ,  ഇത് വളരെ കുറവാണ്, ആശങ്കാജനകമാണ്. ഇന്ത്യ എത്രയും പെട്ടെന്ന് ശേഷിക്കുന്നവരെ കൂടി വാക്സിനേറ്റ് ചെയ്യേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.  അമേരിക്കയിൽ രണ്ടുവാക്സിനും എടുത്തവർ നാൽപതു ശതമാനത്തോളമാണ്.  ഒരു വാക്സിനെങ്കിലും എടുത്തവർ 50 ശതമാനത്തോളം വരും.

ഈ ദുഷ്കരമായ സാഹചര്യത്തെ അതിജീവിക്കാൻ ഒത്തുചേർന്നു പരിശ്രമിക്കണം എന്നും ഇന്ത്യയിലെ ജനങ്ങളോട്  അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ മറ്റു ലോകരാജ്യങ്ങളും പരമാവധി ഇന്ത്യക്ക് വേണ്ട സഹായങ്ങൾ നൽകണം എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയോടെ പൊറുതിയാൽ ഈ ദുർഘട സന്ധിയും കടന്നുകിട്ടും എന്ന് ഡോ. ഫൗച്ചി പറഞ്ഞു.

പണക്കാരനെന്നോ എന്നോ പാവപ്പെട്ടവനെന്നോ ഉള്ള ഭേദമില്ലാതെയാണ് കൊറോണ വൈറസിന് ബാധിക്കുന്നത് എന്നും, അമേരിക്ക പോലൊരു സമ്പന്ന രാജ്യത്തിൽ കൊവിഡ് നടത്തിയ സംഹാരതാണ്ഡവം അതിനു തെളിവാണ് എന്നും ഡോ. ഫൗച്ചി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios