40 ജീവനുകൾ, 125 മണിക്കൂർ; രക്ഷാദൗത്യത്തിൽ പ്രതിസന്ധി; തുരങ്കത്തിലെ ലോഹഭാഗത്ത് ഡ്രില്ലിംഗ് മെഷീനിടിച്ചു
ആറാം ദിനത്തിലേക്ക് കടന്ന രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സിൽക്യാര ടണലിൽ 125 മണിക്കൂർ പിന്നിട്ട ദൗത്യത്തിൽ ആശങ്ക പടരുകയാണ്.

ദില്ലി: ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാദൗത്യത്തിൽ വീണ്ടും പ്രതിസന്ധി. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയതോടെ രക്ഷപ്രവർത്തനം തടസ്സപ്പെട്ടു. ആറാം ദിനത്തിലേക്ക് കടന്ന രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സിൽക്യാര ടണലിൽ 125 മണിക്കൂർ പിന്നിട്ട ദൗത്യത്തിൽ ആശങ്ക പടരുകയാണ്. ദില്ലിയിൽ നിന്നുമെത്തിച്ച ഡ്രില്ലിങ് മെഷീൻ പ്രവർത്തനക്ഷമമായതോടെ ദൗത്യത്തിന് വേഗത കൈവന്നിരുന്നു.
എന്നാൽ രാവിലെ 10 മണിയോടെ ഡ്രില്ലിംങ് വീണ്ടും നിലച്ചു. 25 മീറ്ററോളം തുരന്നു പോയ മെഷീൻ ലോഹഭാഗങ്ങളിൽ തട്ടിയതോടെയാണ് രക്ഷാ ദൗത്യം തടസപ്പെട്ടത്. ഗ്യാസ് കട്ടറുകളുപയോഗിച്ച് ലോഹഭാഗങ്ങൾ മുറിച്ചുമാറ്റിയാൽ ഡ്രില്ലിംങ് പുനരാരംഭിക്കാനാകുമെന്ന് ദൗത്യസംഘം അറിയിച്ചു. 60 മീറ്ററോളം അവശിഷ്ടങ്ങൾ തുരന്ന് മാറ്റി വേണം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നടത്തേക്ക് എത്താൻ. സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് സുരക്ഷിതപാത ഒരുക്കനാകും. അഞ്ചു പൈപ്പുകൾ ഇതിനോടകം അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ടു. ദൗത്യം എപ്പോൾ പൂർത്തിയാകും എന്ന് പറയാനാകില്ല. കുടുങ്ങിക്കിടക്കുന്ന എല്ലാവരും സുരക്ഷിതരാണെന്ന് ഉത്തരകാശി എസ്പി അർപൻ യദുവൻഷി വ്യക്തമാക്കി.
പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികള്‍ക്ക് വെളളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലുടെ രക്ഷാദൗത്യം നീളും തോറും ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുകയാണ്. ടണലിനു പുറത്ത് മെഡിക്കൽ സംഘത്തെ നേരത്തെ മുതല്‍ തന്നെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരഖാണ്ഡ് സർക്കാർ വ്യക്തമാക്കി. തൊഴിലാളികളുടെ മാനസികാരോഗ്യവും ഡോക്ടർമാർ തുടർച്ചയായി നിരീക്ഷിച്ചു വരുന്നുണ്ട്.