Asianet News Exclusive : ഇടനാഴിയിൽ മറ്റു ലക്ഷ്യങ്ങളില്ല, തുറന്നുകിട്ടുന്നത് വലിയ വാണിജ്യ സാധ്യതകൾ- ജയ്ശങ്കര്‍
ഏഷ്യാനെറ്റ് ന്യൂസിനായി വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസന്‍ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് എസ്. ജയ്ശങ്കര്‍ സാമ്പത്തിക ഇടനാഴിയുടെ പ്രതീക്ഷകളെക്കുറിച്ച് പങ്കുവെച്ചത്
തിരുവനന്തപുരം: മിഡില്‍ ഈസ്റ്റിനെയും യൂറോപ്പിനെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് മറ്റു ലക്ഷ്യങ്ങളോ താല്‍പര്യങ്ങളോയില്ലെന്നും വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കും പാത ഉപയോഗിക്കുകയെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസിനായി വിദേശകാര്യ വിദഗ്ധന്‍ ടി. പി ശ്രീനിവാസന്‍ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് എസ്. ജയ്ശങ്കര്‍ സാമ്പത്തിക ഇടനാഴിയുടെ പ്രതീക്ഷകളെക്കുറിച്ച് പങ്കുവെച്ചത്. വിദേശരാജ്യങ്ങളുമായി ചേര്‍ന്ന് വലിയ മുതല്‍മുടക്കിയുള്ള ചൈനയുടെ ബി.ആര്‍.ഐ പദ്ധതിയില്‍നിന്നും ഈ സാമ്പത്തിക ഇടനാഴി വ്യത്യസ്തമാവുന്നതെന്ന ടി.പി ശ്രീനിവാസിന്‍റെ ചോദ്യത്തിന് മറുപടിയായാണ് പാതയുടെ ലക്ഷ്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രി വിശദീകരിച്ചത്.
വാണിജ്യ ഇടനാഴി അടക്കമുള്ള പദ്ധതികള്‍ക്ക് നേരിട്ടല്ലെങ്കിലും ജി20 കാരണമായിട്ടുണ്ട്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണിത്. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് അറേബ്യവഴി അമേരിക്കയുടെ സഹായത്തോടെ നിര്‍മിക്കുന്ന പാതക്ക് വളരെ പ്രധാന്യമുണ്ടെന്നും എസ്. ജയ്ശങ്കര്‍ പറഞ്ഞു. പൂര്‍ണമായും വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിമാത്രമായിരിക്കും പാത. അതല്ലാതെ തുറമുഖമോ വിമാനത്താവളമോ മറ്റും നിര്‍മിക്കാനോ ഇടനാഴി ഉപയോഗപ്പെടുത്തില്ല. അറേബ്യന്‍ രാജ്യങ്ങളുമായി ഏറെ ബന്ധമുള്ള കേരളത്തിലിരുന്നാണ് ഇക്കാര്യം പറയുന്നത്. മിഡില്‍ ഈസ്റ്റുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാണ്. അതിനാല്‍ തന്നെ അറേബ്യന്‍ പാസേജ് സുഗമമാക്കുന്നതിനൊപ്പം യൂറോപ്പുമായുള്ള ബന്ധത്തിലും മെച്ചമുണ്ടാകും. വലിയ വാണിജ്യ സാധ്യതകള്‍ തുറന്നുനല്‍കും.
വിപ്ലവാത്കമായ പുരോഗതി കൈവരിക്കുന്ന സൗദിപോലുള്ള രാജ്യങ്ങള്‍ ഇന്ത്യയിലുണ്ടാകുന്ന വലിയ മാറ്റങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. യു.എ.ഇയും ഇതില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന രാജ്യമാണ്. പ്രവാസികളെന്ന് പറയുമ്പോള്‍ അമേരിക്ക, ഇംഗ്ലണ്ട് എന്നൊക്കെയാണ് പറയുക. എന്നാല്‍, അതിലും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യു.എ.ഇയിലും സൗദിയിലുമൊക്കെയാണെന്നും സാമ്പത്തിക ഇടനാഴിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും എസ്. ജയ്ശങ്കര്‍ പറഞ്ഞു. ജി20 ഉച്ചകോടിക്ക് ശേഷം ആദ്യമായി കേരളത്തിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തിരുവനന്തപുരത്തെ ഐ.ഐ.എസ്.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി) ഉള്‍പ്പെടെ സന്ദര്‍ശിക്കും. കേരളത്തിലേക്ക് വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും തിരുവനന്തപുരം സന്ദര്‍ശനങ്ങളില്‍ രാഷ്ട്രീയ സന്ദേശമുണ്ടെന്ന വ്യാഖ്യാനമുണ്ടോയെന്ന് അറിയില്ലെന്നും മഹത്തായ സംസ്ഥാനമാണിതെന്നും ജയ്ശങ്കര്‍ പറഞ്ഞു.