തെലങ്കാന മുഖ്യമന്ത്രിയെ വെറുതെ വിടാതെ ഇഡി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മകൾ കവിതക്ക് സമൻസ്
ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. മാർച്ചിൽ കെ കവിതയെ കേസുമായി ബന്ധപ്പെട്ട് ഇഡി രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു

ദില്ലി: ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതക്ക് ഇഡി സമൻസ്. നാളെ ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാർച്ചിൽ കെ കവിതയെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. അതേസമയം, രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
14 ചോദ്യങ്ങളായിരുന്നു ഇഡി കവിതയോട് മുൻപ് ചോദിച്ചത്. അതിന് കവിത കൃത്യമായി ഉത്തരവും നല്‍കിയിരുന്നു. തന്നെ രാഷ്ട്രീയ പരമായി വേട്ടയാടുകയാണെന്ന് കവിത പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള നീക്കമെന്നും കവിത വിമര്‍ശിച്ചിരുന്നു. നേരത്തെ, വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് ഇഡിയോട് കവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ നിരസിച്ചതോടെയാണ് കവിത ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചത്.
Also Read: മറ്റന്നാളും അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ; നിപ ജാഗ്രത
അതിനിടെ, ജന്ദർമന്തറിൽ നിരാഹാര സമരവും കവിത നടത്തി. പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിത നിരാഹാര സമരം നടത്തിയത്. ഈ സമരത്തില്‍ 18 രാഷ്ട്രീയ പാർട്ടികള്‍ പങ്കെടുത്തിരുന്നു. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തത്.